വാളയാര്‍ കേസ് പ്രമേയമാക്കി സിനിമ വരുന്നു
By സമകാലികമലയാളം ഡെസ്‌ക് | Published: 10th January 2021 05:44 PM |
Last Updated: 10th January 2021 07:00 PM | A+A A- |

വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന പ്രതീകാത്മക സമരത്തിൽ നിന്ന്- ഫോട്ടോ/എ സനേഷ്- എക്സ്പ്രസ്
കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ കേസ് പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം പറയുന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് എന്‍ അരുണ്‍ പറഞ്ഞു.
സാക്ഷര സമൂഹമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍പ്പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ഗൗരവത്തോടെ കാണണമെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. കേസില്‍ പുനര്‍വിചാരണ നടക്കുന്ന സമയമായതിനാല്‍ സിനിമയുടെ മറ്റ് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച അവകാശികള്‍ എന്ന ചിത്രം ഫെബ്രുവരി അവസാനം തീയേറ്ററുകളില്‍ എത്തും.
വാളയാറില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍, പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരിന്റെയും മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീല്‍ അംഗീകരിച്ച ഹൈക്കോടതി, പുനര്‍വിചാരണയ്ക്ക് ഉത്തരവിടുകയായിരുന്നു.