അച്ഛന്റെ കൊലയാളിക്ക് പിന്നാലെ 10 വർഷം, മുങ്ങിയ പ്രതിയെ പൊക്കി മക്കൾ; ഒടുവിൽ അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 11:42 AM |
Last Updated: 10th January 2021 12:26 PM | A+A A- |

പ്രതീകാത്മക ചിത്രം
ഇടുക്കി: അച്ഛനെ കൊന്ന കേസിലെ പ്രതി ഒളിച്ചിരുന്ന സ്ഥലം കണ്ടുപിടിച്ച് മക്കൾ. 75കാരനായ തൊടുപുഴ സ്വദേശി ജോസ് സി കാപ്പനെ കർണാടകയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി ഒമ്മല സ്വദേശി സിജു കുര്യനെയാണ് ഇവർ കുടുക്കിയത്. പൊലീസിന്റെ സഹായത്തോടെ പ്രതിയെ വീണ്ടും ജയിലിലാക്കി. 36കാരനായ പ്രതിയെ അട്ടപ്പാടിയിൽനിന്നാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
2011 ഡിസംബറിലാണ് കർണാടക ഷിമോഗ ജില്ലയിലെ സാഗർ കെരോഡിയിൽ താമസിച്ചിരുന്ന ജോസ് സി കാപ്പനെ കാണാതായത്. സ്വത്ത് തട്ടിയെടുക്കാനായി തോട്ടം ജീവനക്കാരനായ സിജു കൊല നടത്തിയത്. ജോസിനെ അടിച്ചുകൊന്ന് കമ്പോസ്റ്റ് കുഴിയിൽ മൂടിയതായി സിജു മൊഴി നൽകി. തെളിവുകളുടെ അഭാവത്തിൽ വിചാരണക്കോടതി ഇയാളെ വിട്ടയച്ചെങ്കിലും ഈ വർഷം മാർച്ചിൽ ഹൈക്കോടതി സിജുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
കർണാടകം വിട്ട് ഒളിവിൽ പോയ സിജുവിനെ സ്വന്തം നിലയിൽ അന്വേഷിച്ചു വിവരങ്ങൾ കർണാടക പൊലീസിന് കൈമാറുകയായിരുന്നു ജോസിന്റെ മക്കളായ സജിത്ത് ജെ കാപ്പനും രഞ്ജി ജോസ് കാപ്പനും. ഇന്ന് രാവിലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.