ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു; ആൺ സുഹൃത്ത് പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 10:54 AM |
Last Updated: 10th January 2021 10:54 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്.
സംഭവ ദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരിയും, ജോമോനും ചേർന്ന് വാതിൽ തകർത്താണ് പെൺകുട്ടിയെ നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അവിടെ വച്ച് വൈകാതെ കുട്ടി മരിച്ചു.
പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ജോമോൻ കടന്നുകളഞ്ഞു. പിന്നാലെ മരിച്ച പെൺകുട്ടിയെ ജോമോൻ മർദ്ദിച്ച കാര്യം ചൂണ്ടിക്കാട്ടി സഹോദരി രംഗത്തെത്തുകയും പൊലീസിൽ മൊഴി നൽകുകയും ചെയ്തു.
പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.