കുടുംബവും കുട്ടികളുമാണോ അതോ പാർട്ടിയാണോ വലുതെന്ന് ചോദിച്ചു, തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; പരാതിയുമായി പഞ്ചായത്ത് അംഗം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 09:08 AM |
Last Updated: 10th January 2021 09:08 AM | A+A A- |
സുനിത സുകുമാരൻ/ ചിത്രം: സോഷ്യൽ മീഡിയ
പാലക്കാട്: തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും മർദിച്ചെന്നും പഞ്ചായത്ത് അംഗത്തിന്റെ പരാതി. പാലക്കാട് നെന്മാറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സുനിത സുകുമാരനാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ വൈകീട്ട് ഏഴരയോടെ വീടിനടുത്ത് റോഡരികിൽ ഏതാനും പേർ കാർ നിർത്തി കയറ്റിക്കൊണ്ടുപോയെന്നും വധഭീഷണിയുയർത്തിയെന്നുമാണ് സുനിതയുടെ ആരോപണം.
ജീവിതവും കുടുംബവും കുട്ടികളുമാണോ അതോ പാർട്ടിയാണോ വലുതെന്ന് ചോദിച്ചെന്ന് സുനിത പറഞ്ഞു. ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയതായും അവർ ആരോപിച്ചു. കുടുംബവും കുട്ടികളും മതിയെന്നും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറാമെന്നും പറഞ്ഞതോടെ റോഡരികിൽ ഇറക്കി വിടുകയായിരുന്നുവെന്നും സുനിത പറഞ്ഞു.
സുനിതയെ നെന്മാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തിലെ കോൺഗ്രസ് അംഗമാണ് ഇവർ. ഡി സി സി അധ്യക്ഷൻ വി കെ ശ്രീകണ്ഠൻ എം പി, സ്ഥലം എം പി രമ്യാ ഹരിദാസ് എന്നിവർ ആശുപത്രിയിലെത്തി സുനിതയെ സന്ദർശിച്ചു. തട്ടിക്കൊണ്ടു പോകൽ, വധഭീഷണി എന്നീ വകുപ്പുകൾ ചേർത്ത് നെന്മാറ പൊലീസ് കേസ് എടുത്തിട്ടുണ്ട്.