14കാരി ആത്മഹത്യ ചെയ്ത സംഭവം; പ്രതിയായ യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു; ബ്ലെയ്ഡ് ഉപയോഗിച്ച് കഴുത്തും കൈയും മുറിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 08:29 AM |
Last Updated: 12th January 2021 08:29 AM | A+A A- |
ജോമോൻ
തിരുവനന്തപുരം: വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു. കമുകിൻകോട് ശബരിമുട്ടത്ത് 14കാരി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കൊടങ്ങാവിള സ്വദേശി ജോമോൻ (18) ആണ് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്‌ക്കു ശ്രമിച്ചത്. കഴുത്തിലും കൈയിലും ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവുകൾ ഗുരുതരമാണെന്നാണ് വിവരം.
അതേസമയം ജോമോൻ റിമാൻഡിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കു ശേഷമാണ് ജോമോൻ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷന്റെ സെല്ലിനുള്ളിൽ കഴുത്തും കൈയും മുറിച്ചു ആത്മഹത്യയ്‌ക്കു ശ്രമിച്ചത്. ഗുരുതരമായ പരിക്കുകളോടെ യുവാവിനെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ബ്ലെയ്ഡ് ഉപയോഗിച്ചു സ്വയം കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയെന്നാണ് ആശുപത്രി അധികൃതരോട് പൊലീസ് പറഞ്ഞിട്ടുള്ളത്. സെല്ലിനുള്ളിൽ പാർപ്പിച്ചിരുന്ന ജോമോന് ബ്ലെയ്ഡ് എവിടെ നിന്നും ലഭിച്ചുവെന്നു വ്യക്തമല്ല.
വെള്ളിയാഴ്‌ചയാണ് കമുകിൻകോട് ശബരിമുട്ടത്ത് പതിനാലുകാരി ആത്മഹത്യ ചെയ്‌തത്. മരിച്ച പെൺകുട്ടിയും ജോമോനും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് വഴക്കിട്ടു പിരിഞ്ഞുവെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു.
മരണം നടന്ന ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തിയ ജോമോൻ, പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചതായും പൊലീസിനു മൊഴി ലഭിച്ചു. തുടർ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പോക്‌സോ, ആത്മഹത്യാ പ്രേരണാ തുടങ്ങിയ വകുപ്പുകൾ ജോമോനെതിരേ ചുമത്തിയിരുന്നു.