'ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണം'; സര്‍ക്കാരിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ കത്ത് പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 12:33 PM |
Last Updated: 12th January 2021 12:44 PM | A+A A- |

കമല്‍ /ഫയല്‍
തിരുവനന്തപുരം: ഇടതുപക്ഷ അനുഭാവമുള്ള താല്‍ക്കാലിക ജീവനക്കാരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ കമല്‍ സര്‍ക്കാരിനു നല്‍കിയ കത്തു പുറത്ത്. നാലു പേരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശയുമായി മന്ത്രി എകെ ബാലന് കമല്‍ നല്‍കിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിയമസഭയില്‍ പുറത്തുവിട്ടത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് കമല്‍ കത്തു നല്‍കിയത്. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള കാരണങ്ങളില്‍ ഒന്നായി കമല്‍ പറയുന്നത് ഇവര്‍ ഇടതുപക്ഷക്കാരാണ് എന്നതാണ്.
ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളില്‍ ഊന്നിയ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് നിലകൊള്ളുന്നവരുമാണ് ഈ ജീവനക്കാര്‍. കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് ഇത് സാഹയകരമായിരിക്കുമെന്നാണ് കമല്‍ കത്തില്‍ പറയുന്നത്.
ഷാജി എച്ച്. (ഡെപ്യൂട്ടി ഡയറക്ടര്‍, ഫെസ്റ്റിവല്‍), റിജോയ് കെ.ജെ. (പ്രോഗ്രാം മാനേജര്‍, ഫെസ്റ്റിവല്‍), എന്‍.പി. സജീഷ് (ഡെപ്യൂട്ടി ഡയറക്ടര്‍, പ്രോഗ്രാംസ്), വിമര്‍ കുമാര്‍ വി. പി. (പ്രോഗ്രാം മാനേജര്‍, പ്രോഗ്രാംസ്) എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് നിയമസഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ഇടതുപക്ഷാനുഭാവികളെ തിരുകിക്കയറ്റുന്നത് നഗ്‌നമായ ചട്ടലംഘനമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.