പാല സുരക്ഷിതമല്ല ; ജോസ് കെ മാണിയുടെ കന്നി അങ്കം കടുത്തുരുത്തിയില്‍ നിന്ന് ?; മണ്ഡലം മാറാന്‍ ആലോചന

കെ എം മാണിയുടെ തറവാട് വീടിരിക്കുന്നത് കടുത്തുരുത്തി മണ്ഡലത്തിലെ മരങ്ങാട്ടുപിള്ളിയിലാണ്
ജോസ് കെ മാണി / ഫയല്‍ ചിത്രം
ജോസ് കെ മാണി / ഫയല്‍ ചിത്രം


കോട്ടയം : കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി പാലാ സീറ്റിന് പകരം കടുത്തുരുത്തി മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മല്‍സരിക്കുന്നത് പരിഗണിക്കുന്നു. പാലായിനേക്കാള്‍ കൂടുതല്‍ സുരക്ഷിത മണ്ഡലം കടുത്തുരുത്തി ആണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരു മണ്ഡലങ്ങളിലെയും ജനവിധിയും ഈ തീരുമാനത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായാണ് റിപ്പോര്‍ട്ട്. 

പിതാവ് കെ എം മാണി അരനൂറ്റാണ്ടിലേറെ പ്രതിനിധാനം ചെയ്ത പാല ഹൃദയവികാരമാണെന്ന് ജോസ് കെ മാണി ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ നിയമസഭയിലേക്കുള്ള കന്നി അങ്കത്തില്‍ പാലായില്‍ അനായാസ വിജയം പ്രതീക്ഷിക്കാനാകുമോ എന്ന ആശങ്ക ജോസിനും കൂട്ടര്‍ക്കുമുണ്ട്. ബാര്‍കോഴ ആരോപണം കത്തിനിന്നപ്പോള്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ എം മാണിയും കടുത്തുരുത്തിയില്‍ മല്‍സരിക്കാന്‍ ആലോചിച്ചിരുന്നതായാണ് സൂചന. 

കടുത്തുരുത്തി മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തുകള്‍ ഇടതു മുന്നണി ഭരണത്തിലാണ്. ഇവിടങ്ങളിലെല്ലാം എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുമുണ്ട്. മണ്ഡലത്തിലുല്‍പ്പെടുന്ന മൂന്ന് ബ്ലോക്കു പഞ്ചായത്ത് ഭരണവും എല്‍ഡിഎഫിനാണ്. അതേസമയം യുഡിഎഫിനാകട്ടെ, കുറവിലങ്ങാട്, ഉഴവൂര്‍ പഞ്ചായത്തുകള്‍ മാത്രമേയുള്ളൂ. ഉഴവൂരില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍കാരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരിക്കുന്നത്. 

അതേസമയം പാലാ മണ്ഡലത്തിലെ പാല മുനിസിപ്പാലിറ്റിക്ക് പുറമെ, കാരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, തലനാട്, എലിക്കുളം, കടനാട് എന്നീ ആറു പഞ്ചായത്തുകളിലാണ് ഇടതുമുന്നണിയ്ക്ക് ഭരണമുള്ളത്. ഭരണങ്ങാനം, മേലുകാവ്, മൂന്നിലവ്, രാമപുരം, തലപ്പാലം പഞ്ചായത്തുകള്‍ യുഡിഎഫും മുത്തോലി പഞ്ചായത്ത് എന്‍ഡിഎയുമാണ് ഭരിക്കുന്നത്. 

മണ്ഡലത്തിലെ 12 തദ്ദേശസ്ഥാപനങ്ങളില്‍ ഏഴിടത്താണ് എല്‍ഡിഎഫിന് ഭരണമുള്ളത്. ഇതില്‍ പാല മുനിസിപ്പാലിറ്റി, കാരൂര്‍, മീനച്ചില്‍ പഞ്ചായത്തുകളിലാണ് കേരള കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യമുള്ളത്. പാലായില്‍ സിറ്റിങ് എംഎല്‍എയായ മാണി സി കാപ്പനുള്ള സ്വാധീനവും ജോസ് കെ മാണിയെ ആശങ്കപ്പെടുത്തുന്നുണ്ട്. 

കെ എം മാണിയുടെ തറവാട് വീടിരിക്കുന്നത് കടുത്തുരുത്തി മണ്ഡലത്തിലെ മരങ്ങാട്ടുപിള്ളിയിലാണ്. ഇതും കടുത്തുരുത്തി മണ്ഡലത്തിലേക്ക് ജോസ് കെ മാണിയെ അടുപ്പിക്കുന്നുണ്ട്. ജോസ് കെ മാണി കടുത്തുരുത്തി മണ്ഡലത്തില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചാല്‍ പാലായെച്ചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന എന്‍സിപിയുടെ പ്രശ്‌നം പരിഹരിക്കപ്പെടും എന്നതും ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ ജോസ് കെ മാണി കടുത്തുരുത്തി തെരഞ്ഞെടുത്താല്‍ ഇടതുപക്ഷം ഏറെ സന്തോഷത്തോടെ ഈ തീരുമാനം അംഗീകരിച്ചേക്കുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com