സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചു, ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു; യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 07:15 PM |
Last Updated: 12th January 2021 07:15 PM | A+A A- |
പ്രതീകാത്മക ചിത്രം
കണ്ണൂർ: ഓടുന്നതിനിടയിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്നും സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചു. ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ കാബിനിൽ വെച്ചിരുന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചു തകർന്നു.
പാപ്പിനിശേരി - പഴയങ്ങാടി കെഎസ്ടിപി റോഡ് ജങ്ഷനിലാണ് സംഭവം. അപകടത്തിൽ 32കാരനായ വ്യാപാരി പി പി ഷരീക്കിന് പരിക്കേറ്റു. മൊബൈൽ ഫോണിന്റെ ബാറ്ററി പൂർണ്ണമായും കത്തിക്കരിഞ്ഞു.
കണ്ണൂരിലേക്ക് സാധനങ്ങളെടുക്കാൻ ഗുഡ്‌സ് ഓട്ടോയിൽ പോയതാണ് ഷരീക്ക്. മൊബൈലിൽ നിന്നു പുക ഉയരുന്നതു കണ്ട് ഫോൺ പുറത്തേക്ക് വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം തെറ്റുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ ഷരീക്ക് ചികിത്സയിലാണ്.