'തല ഇടിച്ച് ചിതറി മരിച്ചേനെ, തലനാരിഴക്ക് രക്ഷപെട്ടു, ഇനിയും മുന്നറിയിപ്പുമായി വരണേ'; വൈറ്റില മേല്‍പ്പാലത്തിലൂടെ കാറുമായി സാബുമോന്‍- വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 11:56 AM |
Last Updated: 12th January 2021 11:56 AM | A+A A- |

സാബുമോന്‍
കൊച്ചി: വൈറ്റില പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന് മുന്‍പ് മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങള്‍ കടന്നു പോയാല്‍ മെട്രോ ഗര്‍ഡറില്‍ തട്ടുമെന്ന് പ്രചാരണമുണ്ടായിരുന്നു. വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തോടെ ഈ പ്രചാരണത്തെ 'പൊളിച്ചടുക്കി കൈയില്‍ കൊടുത്ത്' സോഷ്യല്‍മീഡിയ. ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ദൗത്യത്തില്‍ പങ്കാളിയായിരിക്കുകയാണ് നടന്‍ സാബുമോനും.
വൈറ്റില മേല്‍പാലത്തിലൂടെ കാറുമായി യാത്ര ചെയ്തപ്പോള്‍ 'തലനാരിഴയ്ക്കാണ്' രക്ഷപ്പെട്ടതെന്ന് പറഞ്ഞാണ് സാബുമോനും സമൂഹമാധ്യമത്തിലെ ചര്‍ച്ചയില്‍ ഭാഗമായത്. 'തല ഇടിച്ച് ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ.'- ഇതായിരുന്നു സാബുമോന്റെ വാക്കുകള്‍.സുഹൃത്തുക്കളുമായി കാറില്‍ യാത്ര ചെയ്യുമ്പോള്‍ വൈറ്റില മേല്‍പാലത്തിലെ മെട്രോ ഗര്‍ഡറിനു സമീപത്തെത്തുന്നതും തുടര്‍ന്ന് സാബുമോന്‍ പറയുന്ന ഡയലോഗും ആളുകളില്‍ ചിരിനിറയ്ക്കുകയാണ്.
മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മെട്രോ ഗര്‍ഡറില്‍ തട്ടുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കു മറുപടിയെന്നോളമായിരുന്നു സാബുമോന്റെ ഈ വിഡിയോ ട്രോള്‍.വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ പൊതുഗതാഗതത്തിന് തുറന്നുകൊടുത്തതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവച്ച ചിത്രവും സൈബര്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. വൈറ്റില ഫ്‌ലൈഓവറില്‍ മെട്രോ ഗര്‍ഡറിനു താഴേക്കൂടി ഒരു കണ്ടെയ്‌നര്‍ ലോറി കടന്നുപോകുന്ന ചിത്രമാണ് മുഖ്യമന്ത്രി പങ്കുവച്ചത്. വിമര്‍ശകര്‍ക്കുള്ള 'ചുട്ടമറുപടി'യാണ് മുഖ്യമന്ത്രി നല്‍കിയതെന്നാണ് ഒരുകൂട്ടം ആളുകള്‍ പ്രതികരിച്ചത്.