തിരുവാഭരണ ഘോഷയാത്ര ഇന്ന്; മകര വിളക്ക് 14ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 07:03 AM |
Last Updated: 12th January 2021 07:03 AM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: മകര സംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ പന്തളത്തു നിന്നു ഇന്ന് ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും. 14നാണ് മകര വിളക്ക്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണു ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങൾ ശിരസ്സിലേറ്റി കാൽനടയായി ശബരിമലയിൽ എത്തിക്കുന്നത്.
പന്തളം കൊട്ടാരത്തിലെ അശുദ്ധി കാരണം വലിയ തമ്പുരാന്റെ പ്രതിനിധി ഇത്തവണ ഘോഷയാത്രയിലുണ്ടാകില്ല. രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ മാത്രം നടത്തേണ്ട ചില ചടങ്ങുകളും ഒഴിവാക്കി. ചൊവ്വാഴ്ച 11.45ന് ആഭരണങ്ങൾ വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ആചാരപരമായ ചടങ്ങുകൾ നടക്കും. 12.55ന് നീരാജനമുഴിഞ്ഞു തിരുവാഭരണപ്പെട്ടി പുറത്തേക്കെഴുന്നള്ളിച്ച് ഗുരുസ്വാമി ശിരസ്സിലേറ്റും.
പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യ ദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനം വകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാ സംഘം അവിടെ തങ്ങും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്.
പ്ലാപ്പള്ളിയിൽ നിന്നു അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകീട്ടോടെ സംഘം ശബരിമലയിൽ എത്തിച്ചേരും. തിരുവാഭരണങ്ങൾ ശബരീശ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തുമ്പോൾ പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിയും. ഘോഷയാത്രയ്ക്കൊപ്പം ഈ വർഷം സംഘാംഗങ്ങൾ മാത്രമാണ് ഉണ്ടാവുക. മറ്റ് തീർഥാടകർക്ക് കോവിഡ് നിയന്ത്രണങ്ങൾ കാരണം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.