ശിശുക്ഷേമസമിതി സുരക്ഷ ഉറപ്പാക്കിയില്ല, പോക്‌സോ കേസ് ഇരയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 12:15 PM |
Last Updated: 13th January 2021 12:15 PM | A+A A- |
പെണ്‍കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം / ടെലിവിഷന്‍ ചിത്രം
കൊച്ചി : കൊച്ചി കാക്കനാട്ടുള്ള ശിശുക്ഷേമസമിതി ഓഫീസിലേക്ക് പോക്‌സോ കേസ് ഇരയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. ഇരയായ പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. സംരക്ഷണ കേന്ദ്രത്തിലാക്കിയ ശേഷം അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ആലുവ സ്വദേശിനിയായ പെണ്‍കുട്ടിയെ 2018 മാര്‍ച്ചില്‍ അയല്‍വാസി പീഡിപ്പിച്ചു എന്നാണ് കേസ്. ഇതിനു ശേഷം പെണ്‍കുട്ടിയെ ശിശുക്ഷേമസമിതി ഏറ്റെടുത്ത് ചിറ്റേത്തുകരയിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. ഓട്ടിസം ബാധിച്ചിട്ടുള്ള കുട്ടിയുടെ സുരക്ഷയോ, ചികില്‍സയോ അധികൃതര്‍ ഏറ്റെടുത്തില്ലെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.
ചികില്‍സയും പരിചരണവും ഉറപ്പാക്കിയിരുന്നെങ്കില്‍ കുട്ടി മരിക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അതിനാല്‍ കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ശിശുക്ഷേമ സമിതിക്കാണെന്ന് ആരോപിച്ചാണ് നാട്ടുകാരും ബന്ധുക്കളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശിശുക്ഷേമ സമിതി ഓഫീസിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിക്കുന്നത്.
ഇതിന് തീരുമാനമുണ്ടാകാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നും പ്രതി,ധേക്കാര്‍ പറയുന്നു. എന്നാല്‍ സുരക്ഷ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ശിശുക്ഷേമസമിതിയുടെ പ്രതികരണം. കുട്ടി അസുഖ ബാധിതയായിരുന്നു. രോഗം മൂര്‍ച്ഛിച്ചാണ് മരണം സംഭവിച്ചത് എന്നും ശിശുക്ഷേമ സമിതി അധികൃതര്‍ സൂചിപ്പിക്കുന്നു.