ജയിലില്‍ തടവുകാരുടെ വേഷം ഇനി മുതല്‍ ടീ ഷര്‍ട്ടും ബര്‍മുഡയും, സ്ത്രീകള്‍ക്ക് ചുരിദാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 06:47 AM |
Last Updated: 13th January 2021 06:47 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: തടവുകാർക്ക് ഇനി മുതൽ ജയിലിൽ വേഷം ടീ ഷർട്ടും ബർമുഡയും. സ്ത്രീകൾ ചുരിദാറും ധരിക്കേണ്ടത്. ജയിലിൽ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നീക്കം.
സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും വേഷം മാറ്റുന്ന പദ്ധതി നടപ്പിലാക്കുക. ഏത് നിറത്തിലായിരിക്കണം വേഷം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ തടവുകാരൻ ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ ജയിൽ ഡിജിപി ഋഷിരാജ് സിങ് ആണ് തടവുകാർക്ക് ടീ ഷർട്ടും ബർമുഡയും വേഷം ആകാമെന്ന ആശയം മുന്നോട്ടുവച്ചത്.
കോഴിക്കോട് ജയിലിലായിരിക്കും ആദ്യഘട്ടമെന്ന നിലയിൽ വേഷമാറ്റം നടപ്പിലാക്കുക. ഇവിടെ 200 പുരുഷൻമാരും 15 സ്ത്രീകളുമാണ് ജയിലിൽ ഉള്ളത്. വസ്ത്രങ്ങൾ സ്പോൺസർ ചെയ്യാൻ താൽപര്യമുള്ള സ്വകാര്യ കമ്പനികൾ ജയിൽ അധികൃതരുമായി ബന്ധപ്പെടണം. ഒരാൾക്ക് 2 ജോഡി വസ്ത്രമാണ് നൽകുന്നത്.