ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 02:28 PM |
Last Updated: 13th January 2021 02:28 PM | A+A A- |
ആട് ആന്റണി/ ഫയല്‍ ചിത്രം
കൊച്ചി : പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. 2012 ജൂണ്‍ 12 ന് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒ മണിയന്‍പിള്ളയെ ആണ് കൊലപ്പെടുത്തിയത്.
2012 ജൂണ്‍ 26 ന് പുലര്‍ച്ചെ ഓയൂരിലെ ഒരു വീട്ടില്‍ മോഷണം നടത്തിയ ശേഷം തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒമ്‌നി വാനില്‍ രക്ഷപ്പെടുകയായിരുന്ന ആട് ആന്റണിയെ പാരിപ്പള്ളിക്ക് സമീപം വച്ച് എഎസ്‌ഐ ജോയിയും സംഘവും തടഞ്ഞ് നിര്‍ത്തി. രക്ഷപ്പെടാനുള്ള ശ്രമത്തിൽ എഎസ്‌ഐ ജോയിയെയും പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെയും വാനില്‍ കിടന്ന കമ്പിപ്പാര എടുത്ത് കുത്തി.
കുത്തേറ്റ് സിപിഒ മണിയന്‍ പിള്ള മരിച്ചു. എഎസ്ഐ ജോയി പരിക്കുകളോടെ രക്ഷപ്പെട്ടു. തുടർന്ന് ഒളിവിൽ പോയ ആട് ആന്റണിയെ പിടികൂടാൻ കേരളത്തിലും പുറത്തും വൻ തിരച്ചിലാണ് നടത്തിയത്. 2015 ഒക്ടോബര്‍ 13 ന് പാലക്കാട് നിന്നുമാണ് ആന്റണി ഒടുവിൽ പൊലീസ് വലയിലാകുന്നത്. കൊല്ലം ജില്ലയിലെ കുമ്പളത്ത് നിന്ന ഒരാടിനെ മോഷ്ടിച്ച ശേഷം പിടിയിലായ ആന്റണിക്ക് അന്ന് മുതലാണ് ആട് ആന്റണിയെന്ന പേര് വീണത്.