10 മാസത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകള്‍ ഇന്ന് തുറക്കുന്നു ; ആവേശമാകാന്‍ 'മാസ്റ്റര്‍'
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 06:54 AM |
Last Updated: 13th January 2021 06:54 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം : പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ ഇന്ന് തുറക്കും. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ 3 ഷോ എന്ന നിലയിലായിരിക്കും തീയറ്ററുകള്‍ പ്രവര്‍ത്തിക്കുക. സാമൂഹിക അകലം ഉറപ്പാക്കാന്‍ ഒന്നിടവിട്ട സീറ്റുകള്‍ അടച്ച് കെട്ടിയാകും കോവിഡ് കാലത്തെ സിനിമാ പ്രദര്‍ശനം. സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ട്രയല്‍ റണ്‍ അടക്കം നടത്തിയിരുന്നു.
സൂപ്പര്‍ താരങ്ങളായ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റര്‍ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. ബിഗ്ബജറ്റ് ചിത്രമായ മാസ്റ്റര്‍ 150 മുതല്‍ 200 തിയറ്ററുകളില്‍ വരെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാസ്റ്റര്‍ റിലീസ് ചെയ്യാത്ത ഇടത്തരം തിയറ്ററുകളില്‍ വരുന്ന ആഴ്ച മാത്രമെ റിലീസ് ഉണ്ടാകൂ.
സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ മലയാള സിനിമകള്‍ വരുന്ന ആഴ്ച മുതല്‍ മുന്‍ഗണനാ ക്രമത്തില്‍ റിലീസിനെത്തും. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ 11 മലയാള സിനിമകളുടെ റിലീസ് ക്രമം സിനിമ സംഘടനകള്‍ തയ്യാറാക്കി വരികയാണ്. ഫെബ്രുവരി പകുതിയോടെ മമ്മൂട്ടി ചിത്രം വണ്‍, മാര്‍ച്ച് 26ന് മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ എന്നിവ തീയേറ്ററുകളിലെത്തും.
മാര്‍ച്ച് മാസം വരെ വിനോദ നികുതി വേണ്ട, വൈദ്യുതി നിശ്ചിത ഫീസില്‍ 50 ശതമാനം ഇളവ്, ലൈസന്‍സ് പുതുക്കേണ്ട കാലാവധിയും മാര്‍ച്ച് വരെ നീട്ടി. സിനിമ സംഘടനകള്‍ ഏറെ നാളായി ഉന്നയിക്കുന്ന ഈ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ മുഖ്യമന്ത്രി സമ്മതം അറിയിച്ചതോടെയാണ് തിയറ്ററുകള്‍ തുറക്കാന്‍ വഴിയൊരുങ്ങിയത്.