'പ്രത്യേക ജനുസ്സ് തന്നെ', തള്ളു കൂടിപ്പോയി : രമേശ് ചെന്നിത്തല
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2021 11:59 AM |
Last Updated: 14th January 2021 11:59 AM | A+A A- |
പിണറായി വിജയന്‍, രമേശ് ചെന്നിത്തല / ഫയല്‍ ചിത്രം
തിരുവനന്തപുരം : താനൊരു മഹാസംഭവമാണെന്ന് മുഖ്യമന്ത്രി സ്വയം പറയരുതെന്ന് പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തള്ളു കൂടിപ്പോയി. പിറകിലുള്ള ആരെക്കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നു. മുഖ്യമന്ത്രി പ്രത്യേക ജനുസ്സ് തന്നെയെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ പരിഹസിച്ചു.
ഗ്രൂപ്പ് കളിയുടെ ആശാനാണ് പിണറായി വിജയന്‍. വി എസ് അച്യുതാനന്ദനെ ഇല്ലായ്മ ചെയ്ത ആളാണ് പിണറായി. വി എസിനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് എത്തിയത്. എന്നിട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാന്‍ എന്ത് അവകാശമെന്നും ചെന്നിത്തല ചോദിച്ചു.
ചെകുത്താന്‍ വേദമോതുന്നതു പോലെ മുഖ്യമന്ത്രി വിശുദ്ധനാകാന്‍ ശ്രമിക്കുന്നു. ലാവലിന്‍ കേസ് എവിടെയാണ് തീര്‍ന്നത്. ലാവലിന്‍ കേസില്‍ ബിജെപിയുമായി പിണറായി അന്തര്‍ധാരയുണ്ടാക്കി. ലാവലിന്‍ കേസ് 20 തവണ മാറ്റിവെച്ചതു തന്നെ ഇതിന് തെളിവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും വിജയിച്ചപ്പോഴും ഞങ്ങളാരും ഞെളിഞ്ഞിരുന്നില്ല. സ്വന്തം ഓഫീസ് നിയന്ത്രിക്കാനാകാത്ത ആള്‍ കേരളത്തെ എങ്ങനെ നയിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരു കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും പിണറായിയുടെ അവസ്ഥ വന്നിട്ടില്ല. ശിവശങ്കര്‍ ചെയ്തതൊന്നും മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്നാണോ പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി കള്ളക്കടത്തുകാരെ താലോലിക്കുകയാണെന്നും, പുത്രീവാല്‍സല്യത്താല്‍ പിണറായി കേരളത്തെ നശിപ്പിക്കരുതെന്നും പി ടി തോമസ് അടിയന്തരപ്രമേയ നോട്ടീസില്‍ സംസാരിക്കവെ പറഞ്ഞിരുന്നു. ഇതില്‍ രോഷാകുലനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
പിടി തോമസിന് പിണറായിയെ മനസ്സിലായിട്ടില്ല. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആരുടെയും മുന്നില്‍ തലയുയര്‍ത്തി പറയാം. അതു പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്. തന്റെ കൈകള്‍ ശുദ്ധമാണ്. താനൊരു പ്രത്യേക ജനുസ്സാണ്. അത് നിങ്ങള്‍ക്ക് മനസ്സിലാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു.