പുത്രീ വാല്‍സല്യത്താല്‍ നാടിനെ നശിപ്പിക്കരുത്, മുഖ്യമന്ത്രീ, നിങ്ങള്‍ കമ്യൂണിസ്റ്റാണോ ? : പി ടി തോമസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2021 11:19 AM |
Last Updated: 14th January 2021 11:25 AM | A+A A- |
പി ടി തോമസ്, പിണറായി വിജയന്‍ / ഫയല്‍ ചിത്രം
തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി അധോലോക നായകനാകരുതെന്ന് കോണ്‍ഗ്രസ് അംഗം പിടി തോമസ് പറഞ്ഞു. മുഖ്യമന്ത്രി സ്വര്‍ണക്കടത്തുകാരെ താലോലിക്കുകയാണ്. എം ശിവശങ്കറിന്റെ കുറ്റകൃത്യങ്ങളിലെല്ലാം ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പി ടി തോമസ് നിയമസഭയിൽ ആരോപിച്ചു.
ശിവശങ്കറുമായി പിണറായിക്ക് ലാവലിന്‍ കാലത്തുള്ള ബന്ധമാണ്. ലാവലിന്‍ കേസിലെ ഫയല്‍ മുഖ്യമന്ത്രിക്ക് ചോര്‍ത്തി നല്‍കിയത് ശിവശങ്കറാണ്. കൂടെക്കിടന്നവനേ രാപ്പനി അറിയൂ. സ്വപ്‌നസുന്ദരിക്കൊപ്പം ശിവശങ്കര്‍ കറങ്ങിനടന്നപ്പോള്‍ തടയാന്‍ ഉളുപ്പില്ലായിരുന്നു. കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നയാള്‍ കമ്യൂണിസ്റ്റാണോ ?. എന്തു കാണിച്ചാലും ഒപ്പിട്ടുകൊടുക്കുന്ന മരമണ്ടനാണ് മുഖ്യമന്ത്രി എന്ന് ശിവശങ്കര്‍ പറഞ്ഞിട്ടുണ്ടെന്നും പി ടി തോമസ് പറഞ്ഞു.
സ്വര്‍ണക്കടത്തുകേസ് കസ്റ്റംസ് മാത്രം അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി വിചാരിച്ചത്. മുഖ്യമന്ത്രി അധോലോക നായകനാകരുത്. പുത്രവാല്‍സല്യത്തില്‍ ധൃതരാഷ്ട്രര്‍ അന്ധനായതുപോലെ പുത്രീ വാല്‍സല്യത്തില്‍ പിണറായിയും അന്ധനാകരുത്. പുത്രീ വാല്‍സല്യത്തില്‍ നാടിനെ നശിപ്പിക്കരുത്. മകളുടെ വിവാഹത്തിന് സ്വപ്‌നസുന്ദരി വന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷം ചോദിച്ചു.
ഇതോടെ മുഖ്യമന്ത്രി രോഷാകുലനായി. സഭ പൂരപ്പാട്ടിനുള്ള സ്ഥലമാണോ എന്ന് പിണറായി വിജയന്‍ ചോദിച്ചു. ചെന്നിത്തലയ്ക്ക് പി ടി തോമസിനെ നിയന്ത്രിക്കാനാവില്ല. കാരണം ഗ്രൂപ്പ് വേറെയാണല്ലോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു. പിടി തോമസിന് പിണറായിയെ മനസ്സിലായിട്ടില്ല. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആരുടെയും മുന്നില്‍ തലയുയര്‍ത്തി പറയാം. അതു പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്. തന്റെ കൈകള്‍ ശുദ്ധമെന്നും പിണറായി വിജയന്‍ പറഞ്ഞു.
തന്റെ മകളുടെ വിവാഹത്തിന് സ്വപ്‌ന വന്നിട്ടില്ല. തന്റെ കുടുംബത്തിലെ ആരെയും ചോദ്യം ചെയ്തിട്ടില്ല. താനൊരു പ്രത്യേക ജനുസ്സാണ്. അത് നിങ്ങള്‍ക്ക് മനസ്സിലാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എവിടെയും ഒപ്പിടുന്ന ആളാണ് താനെന്ന് ഉദ്യോഗസ്ഥരാരും പറയില്ലെന്നും പിണറായി പറഞ്ഞു. റിയൽ എസ്റ്റേറ്റ് സ്ഥലത്തു നിന്നും ഇറങ്ങി ഓടിയത് തന്റെ ഓഫീസിലുള്ള ആരുമല്ല. ശിവശങ്കറിന് ഐഎഎസ് കൊടുത്തത് എകെ ആന്റണി സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സുപ്രധാന പദവികള്‍ ശിവശങ്കര്‍ വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗീബല്‍സിന്റെ ശിഷ്യന്മാരെ വിശ്വസിപ്പിക്കാനാവില്ല. ഇക്കാര്യങ്ങളൊന്നും ജനം വിശ്വസിക്കുന്നില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയം ആയതിനാല്‍ കൂടുതല്‍ പറയുന്നില്ല. സ്വര്‍ണക്കടത്തിന്റെ അടിവേര് അറുക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. അന്വേഷണത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ അന്വേഷണ വിധേയമായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ അറസ്റ്റു ചെയ്തതും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്തതും സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം പി ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഈ വിഷയത്തിന്മേലുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവുമായുള്ള വാക്‌പോരിന് കളമൊരുങ്ങിയത്.