ആദ്യഡോസില്‍ ബുദ്ധിമുട്ടുകളുണ്ടാവാം; തെറ്റിദ്ധാരണ പരത്തരുതെന്ന് കെകെ ശൈലജ

ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.
ആരോഗ്യമന്ത്രി കെ കെ ശൈലജ / ഫെയ്‌സ്ബുക്ക് ലൈവ് ചിത്രം
ആരോഗ്യമന്ത്രി കെ കെ ശൈലജ / ഫെയ്‌സ്ബുക്ക് ലൈവ് ചിത്രം

തിരുവനന്തപുരം: ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. നിശ്ചിത ഇടവേളകളില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന്‍ എടുത്തിരിക്കേണ്ടത്. ആദ്യഡോസ് എടുത്തുകഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് കെകെ ശൈലജ പറഞ്ഞു.

ആ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള സമയം നീട്ടിയത്. വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച 'വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം' ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നത്. വാക്‌സിനിലൂടെ മാത്രമേ കൃത്രിമ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കൂ. കേരളം നടത്തിയ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധാരാളം പേര്‍ക്ക് കോവിഡ് വരാതെ സംരക്ഷിക്കാന്‍ സാധിച്ചു. ഇനി ആളുകളിലേക്ക് പൂര്‍ണമായി വാക്‌സിന്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അവര്‍ക്ക് വാക്‌സിനേഷനില്‍ പങ്കെടുക്കാന്‍ കൃത്യമായ സന്ദേശം ലഭിക്കും. രണ്ടാംഘട്ടത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നാണ് ആഗ്രഹം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും വേണം. എല്ലാവരും വാക്‌സിനെടുത്ത് കോവിഡിനെ തുരത്തിയാല്‍ മാത്രമേ നമുക്ക് സ്വതന്ത്രരായി ജീവിക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com