ശബരിമല ഭക്തിസാന്ദ്രം; മകരവിളക്ക് ദര്‍ശിച്ച് സായൂജ്യം നേടി അയ്യപ്പ ഭക്തര്‍

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആയിരങ്ങള്‍ പൊന്നമ്പലമേട്ടിലെ മകര വിളക്ക് ദര്‍ശിച്ചു
പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദര്‍ശിക്കുന്ന ഭക്തര്‍/ ടെലിവിഷന്‍ ചിത്രം
പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദര്‍ശിക്കുന്ന ഭക്തര്‍/ ടെലിവിഷന്‍ ചിത്രം

പത്തനംതിട്ട : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആയിരങ്ങള്‍ പൊന്നമ്പലമേട്ടിലെ മകര വിളക്ക് ദര്‍ശിച്ചു. ശബരിമലയില്‍ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധനയ്ക്ക് ശേഷമാണ് സന്നിധാനത്ത് തടിച്ചുകൂടിയ അയ്യപ്പഭക്തന്മാര്‍ പൊന്നമ്പലമേട്ടിലെ മകര വിളക്ക് ദര്‍ശിച്ച് മടങ്ങിയത്. 

വൈകീട്ട് ദേവസ്വം പ്രതിനിധികള്‍ തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയില്‍ സ്വീകരിച്ചു. തുടര്‍ന്ന് സന്നിധാനത്തേക്ക് കൊണ്ടു വന്ന തിരുവാഭരണ പേടകത്തിന് പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരത്തിന് ചുവട്ടില്‍ വെച്ച് ആചാരപ്രകാരം സ്വീകരണം നല്‍കി. ഇതിന് ശേഷം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു.ശേഷം 6.30 ന് മകരസംക്രമ സന്ധ്യയിലാണ് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടന്നത്. ദീപാരാധനയ്ക്ക് തൊട്ടുപിന്നാലെയാണ് പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകര വിളക്ക് ഭക്തര്‍ ദര്‍ശിച്ചത്.

കോവിഡ് മാനദണ്ഡം പാലിച്ച് 5000 പേര്‍ക്കാണ് മകര വിളക്ക് ദര്‍ശിക്കാനുള്ള അവസരം ഒരുക്കിയത്. നേരത്തേ വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തവരെയാണ് ഇതിന് അനുവദിച്ചത്. സന്നിധാനത്തുനിന്ന് മാത്രമേ ഇത്തവണ മകരജ്യോതി ദര്‍ശിക്കാന്‍ അനുവദിച്ചുള്ളൂ.

പാഞ്ചാലിമേട്, പുല്‍മേട്, പരുന്തുപാറ തുടങ്ങി സാധാരണ തീര്‍ഥാടകര്‍ തടിച്ചുകൂടാറുള്ള സ്ഥലങ്ങളില്‍നിന്നൊന്നും മകരവിളക്ക് കാണാന്‍ അനുവദിച്ചില്ല. സന്നിധാനത്തു നിന്നുള്ള ദര്‍ശനം ഇന്ന് ഉച്ചവരെ എത്തുന്ന ഭക്തര്‍ക്ക് മാത്രമായിരുന്നു. ഉച്ചയ്ക്ക് ശേഷം ഭക്തരെ അനുവദിച്ചില്ല.

14 ന് രാത്രി മണ്ഡപത്തില്‍ കളമെഴുത്തും പാട്ടും പൂജയും നടക്കും. 15,16,17,18 തീയതികളില്‍ എഴുന്നള്ളത്ത് നടക്കും. 19 നാണ് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 19 ന് വരെ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമുള്ളൂ. 20 ന് ശബരിമല നട അടയ്ക്കുന്നതോടെ മകരവിളക്ക് മഹോല്‍സവത്തിന് പരിസമാപ്തിയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com