ഭക്തിസാന്ദ്രമായി ശബരിമല ; മകര സംക്രമ പൂജയും മകര വിളക്കും ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2021 06:48 AM |
Last Updated: 14th January 2021 06:48 AM | A+A A- |
ശബരിമല / ഫയല്‍ ചിത്രം
പത്തനംതിട്ട : ശബരിമലയില്‍ മകരവിളക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയും ഇന്ന് നടക്കും. 14 ന് പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 8.14 നാണ് ഭക്തിനിര്‍ഭരമായ മകര സംക്രമ പൂജ നടക്കുക.
തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നും കൊടുത്തുവിടുന്ന നെയ് തേങ്ങയിലെ നെയ്യ് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം നടത്തി പൂജ ചെയ്യുന്നതാണ് മകര സംക്രമ പൂജ. വൈകീട്ട് ദേവസ്വം പ്രതിനിധികള്‍ തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയില്‍ സ്വീകരിക്കും.
തുടര്‍ന്ന് സന്നിധാനത്തേക്ക് കൊണ്ടു വരുന്ന തിരുവാഭരണ പേടകത്തിന് പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരത്തിന് ചുവട്ടില്‍ വെച്ച് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ ചേര്‍ന്ന് ആചാരപ്രകാരം സ്വീകരണം നല്‍കും.
ഇതിന് ശേഷം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. ശേഷം 6.30 ന് മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടക്കും. ദീപാരാധന കഴിയുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്കും ആകാശത്ത് മകര ജ്യോതിയും തെളിയും.
കോവിഡ് മാനദണ്ഡം പാലിച്ച് 5000 പേര്‍ക്കാണ് ജ്യോതി ദര്‍ശിക്കാനുള്ള അവസരമുണ്ടാവുക. നേരത്തേ വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തവരെയാണ് ഇതിന് അനുവദിക്കുക. സന്നിധാനത്തുനിന്ന് മാത്രമേ ഇത്തവണ മകരജ്യോതി ദര്‍ശിക്കാനാവൂ.
പാഞ്ചാലിമേട്, പുല്‍മേട്, പരുന്തുപാറ തുടങ്ങി സാധാരണ തീർഥാടകര്‍ തടിച്ചുകൂടാറുള്ള സ്ഥലങ്ങളില്‍നിന്നൊന്നും മകരവിളക്ക് കാണാന്‍ അനുവദിക്കില്ല. സന്നിധാനത്തു നിന്നുള്ള ദർശനം ഇന്ന് ഉച്ചവരെ എത്തുന്ന ഭക്തർക്ക് മാത്രമാണ്. ഉച്ചയ്ക്ക് ശേഷം ഭക്തരെ അനുവദിക്കുന്നതല്ല.
14 ന് രാത്രി മണ്ഡപത്തില്‍ കളമെഴുത്തും പാട്ടും പൂജയും നടക്കും. 15,16,17,18 തീയതികളില്‍ എഴുന്നള്ളത്ത് നടക്കും. 19 നാണ് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 19 ന് വരെ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമുള്ളൂ. 20 ന് ശബരിമല നട അടയ്ക്കുന്നതോടെ മകരവിളക്ക് മഹോല്‍സവത്തിന് പരിസമാപ്തിയാകും.