ചേകന്നൂരിലെ അടച്ചിട്ട വീട്ടില്‍ നിന്നും 125 പവന്‍ സ്വര്‍ണവും അരലക്ഷം രൂപയും മോഷ്ടിച്ചു ; പ്രതി പിടിയില്‍ ; മോഷ്ടാവിനെ കണ്ട് ഞെട്ടിത്തരിച്ച് വീട്ടുകാര്‍

വീട്ടുകാര്‍ പുറത്തുപോയ തക്കത്തിനാണ് മോഷ്ടാവ് സ്വര്‍ണാഭരണവും പണവും കവര്‍ന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: എടപ്പാള്‍ ചേകന്നൂരിലെ  വീട്ടില്‍ നിന്ന്  സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. പന്താവൂര്‍ സ്വദേശി മൂസക്കുട്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചേകന്നൂര്‍ പുത്തംകുളം മുതമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മോഷണം നടന്നത്. 125 പവന്‍ സ്വര്‍ണാഭരങ്ങളും 65000 രൂപയുമാണ് മോഷണം പോയത്.

വീട്ടുകാര്‍ പുറത്തുപോയ തക്കത്തിനാണ് മോഷ്ടാവ് സ്വര്‍ണാഭരണവും പണവും കവര്‍ന്നത്. വീട്ടുകാരുടെ അടുത്ത ബന്ധുവാണ് പിടിയിലായ പ്രതി മൂസക്കുട്ടിയെന്ന് പൊലീസ് പറഞ്ഞു. വാതില്‍ പൊളിക്കാതെയാണ് മോഷ്ടാവ് വീടിനകത്ത് കടന്നിരുന്നത്. 

വീട്ടുകാരുമായി ബന്ധമുള്ള ആരെങ്കിലുമാവും മോഷ്ടാവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊലീസ് ഉറപ്പിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന മൂസക്കുട്ടി ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളയാളാണ്. വീടിന്റെ താക്കോല്‍ നേരത്തെ കൈക്കലാക്കി ഡ്യൂപ്ലിക്കറ്റ് താക്കോലുണ്ടാക്കി കവര്‍ച്ചയ്ക്ക് മൂസക്കുട്ടി അവസരം കാത്തിരിക്കുകയായിരുന്നു.

വീട്ടുകാര്‍ തൃശ്ശൂരിലെ ബന്ധുവീട്ടിലേക്ക് പോയ തക്കത്തിന് പ്രതി ഡ്യൂപ്ലിക്കറ്റ് താക്കോല്‍ ഉപയോഗിച്ച് വീട് തുറന്ന് സ്വര്‍ണാഭരങ്ങളും പണവും മോഷ്ടിച്ചു. പ്രതിയുടെ വീട്ടില്‍ നിന്നും ഇവ കണ്ടെടുത്തു. 
കവര്‍ച്ച മൂസക്കുട്ടി ഒറ്റക്ക് ആസൂത്രണം ചെയ്തതാണെന്നും പൊലീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com