'ബഡായി ബജറ്റ്'; അധികാരത്തില്‍ എത്തില്ലെന്ന് ഐസക്കിന് ഉറപ്പ്; വിമര്‍ശനവുമായി ചെന്നിത്തല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2021 03:28 PM  |  

Last Updated: 15th January 2021 03:28 PM  |   A+A-   |  

ramesh chennithala

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല/ ഫയല്‍ ഫോട്ടോ

 


തിരുവനന്തപുരം: കഴിഞ്ഞ ബജറ്റുകളില്‍ നൂറ് കണക്കിന് പൊള്ളയായ വാഗദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച ധനകാര്യമന്ത്രി തോമസ് ഐസക് തെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് ധാരാളം വാഗ്ദാനങ്ങള്‍ വാരിക്കോരി ജനങ്ങളെ കബളിപ്പിക്കുയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐസക് അവതരിപ്പിച്ചതിനെ ബഡായി ബജറ്റായി മാത്രമെ കാണാന്‍ കഴിയുകയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. അത് നടന്നില്ല. ഇപ്പോള്‍ ഡിജിറ്റല്‍ മേഖലയില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പറയുന്നത്. ചുരുക്കത്തില്‍ കേരളത്തിലെ മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കിയ ശേഷം തമിഴ്‌നാട്ടിലുള്ളവര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് ഐസക് നടത്തിയതെന്നും ചെന്നിത്തല പരിഹസിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരില്ലെന്ന് ഉറപ്പായതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിന്റെ ഏകനേട്ടമെന്നത് ഐസക് മൂന്നേകാല്‍ മണിക്കൂര്‍ പ്രസംഗിച്ചു എന്നതാണ്. യാഥാര്‍ഥ്യബോധമില്ലാത്ത സംസ്ഥാനത്തെ സാമ്പത്തിക നിലയെ സംബന്ധിച്ച കാഴ്ചപ്പാടുള്ള ബജറ്റായി വിലയിരുത്താന്‍ കഴിയില്ലെന്നും ഐസക് പറഞ്ഞു. 

കഴിഞ്ഞ ബജറ്റുകളില്‍ കോടിക്കണക്കിന് രൂപയുടെ പ്രഖ്യാപനങ്ങള്‍ നടത്തുകയും അതൊന്നും നടപ്പാക്കാതെ ബജറ്റിനെ തന്നെ പ്രഹസനമാക്കി മാറ്റുകയാണ് പുതിയ ബജറ്റ് അവതരണത്തിലൂടെ തോമസ് ഐസക്ക് ചെയ്തത്. മൂന്ന് ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കടബാധ്യത 1.57 കോടി മാത്രമാണ്. കടമെടുത്ത് കേരളത്തെ മുടിക്കുന്നനിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. തകര്‍ന്നുകിടക്കുന്ന കേരളത്തെ മെച്ചപ്പെടുത്തുന്ന ഒന്നും ബജറ്റില്‍ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.