2500 സ്റ്റാര്‍ട്ട്അപ്പുകള്‍ കൂടി, 20,000 തൊഴിലവസരങ്ങള്‍; 50 കോടി വീതം അനുവദിച്ചു

പുതുതായി 2500 സ്റ്റാര്‍ട്ട്അപ്പുകള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : പുതുതായി 2500 സ്റ്റാര്‍ട്ട്അപ്പുകള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിലൂടെ 20000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 50 കോടി രൂപ അനുവദിക്കും.

ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടി ബജറ്റില്‍ പ്രഖ്യാപിച്ചു.  മൂന്നരലക്ഷം കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തും. 30 മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും തോമസ് ഐസക് പറഞ്ഞു.

ആയിരം പുതിയ അധ്യാപകരെ നിയമിക്കും. ഒഴിവുകള്‍ നികത്തുമെന്നും. 500 ഫെലോഷിപ്പുകള്‍ ആരംഭിക്കും. ഇരുപതിനായിരം കുട്ടികള്‍ക്ക് കൂടി ഉന്നത പഠനസൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണ് തൊഴിവസരങ്ങള്‍ സൃഷ്ടിക്കുക. ആഗോള കമ്പനികളുടെ നൈപുണ്യ പരിശീലനം കേരളത്തില്‍ ഉറപ്പാക്കുമെന്നും തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞു. 

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബൃഹദ് പദ്ധതിയാണ് പ്രഖ്യാപിച്ചത്. കെ- ഡിസ്‌ക് പുനഃസംഘടിപ്പിക്കും. നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ നീക്കിവെയ്ക്കും. വര്‍്ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് കെഎസ്എഫ്ഇ, കെഎസ്ഇ എന്നിവ വഴി വായ്പ അനുവദിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ആശ്വാസ നടപടി. റബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി. നെല്ലിന്റെയും നാളികേരളത്തിന്റെയും സംഭരണ വില ഉയര്‍ത്തി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കിയും നാളികേരത്തിന്റെ 32 രൂപയാക്കിയുമാണ് ഉയര്‍ത്തിയത്. 

വരുന്ന സാമ്പത്തിക വര്‍ഷം എട്ടുലക്ഷം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഇതില്‍ മൂന്ന് ലക്ഷം അഭ്യസ്തവിദ്യര്‍ക്കായി നീക്കിവെയ്ക്കും.എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി. ഏപ്രില്‍ മാസം മുതല്‍ പുതുക്കിയ
ക്ഷേമ പെന്‍ഷന്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ചു.

കോവിഡ് വ്യാപനത്തിനിടയിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കൊറോണയ്ക്കെതിരെ പോരാടി വിജയിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

ഈ സര്‍ക്കാരിന്റെ ആറാം ബജറ്റാണിത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. ധനമന്ത്രിതോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com