ഇലക്ട്രിക് വാഹനങ്ങള്‍ക്ക്  50 ശതമാനം നികുതി ഇളവ്; സിഎന്‍ജി, എല്‍എന്‍ജി നികുതി കുറച്ചു

 ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇളവ് അനുവദിച്ച് ബജറ്റ് പ്രഖ്യാപനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇളവ് അനുവദിച്ച് ബജറ്റ് പ്രഖ്യാപനം. ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് ആദ്യ അഞ്ചു വര്‍ഷം  മോട്ടോര്‍ വാഹനനികുതിയില്‍ നിന്ന് 50 ശതമാനം ഇളവ് അനുവദിക്കും. ആദ്യത്തെ പതിനായിരം ഇ- ഓട്ടോകള്‍ക്ക് 30000 രൂപ വരെ സബ്‌സിഡി നല്‍കും.  ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കെഎസ്ഇബി 236 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിന് കെഎസ്എഫ്ഇ വായ്പ അനുവദിക്കും. ഏഴു ശതമാനം പലിശയാണ് ചുമത്തുക. ഡീസലില്‍ ഓടുന്ന ബസുകള്‍ സിഎന്‍ജിയിലേക്കും എല്‍എന്‍ജിയിലേക്കും മാറ്റുന്നതിന് പത്തുശതമാനം പലിശയ്ക്ക് വായ്പ നല്‍കുമെന്നും തോമസ് ഐസക് വ്യക്തമാക്കി. സിഎന്‍ജി, എല്‍എന്‍ജി നികുതി കുറച്ചു.  സിഎന്‍ജി, എല്‍എന്‍ജി വാറ്റ് നികുതി ഇപ്പോള്‍ 14.5 ശതമാനമാണ്. ഇത് 5 ശതമാനമായി കുറയ്ക്കും. സിറ്റി ഗ്യാസ് പദ്ധതി പ്രയോജനപ്പെടുത്തുന്ന കുടുംബങ്ങളുടെ ചെലവ് കുറയാന്‍ ഇത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് മിഷനില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിയ്ക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി. ഇതിനായി 1000 കോടി രൂപ നീക്കിവെച്ചതായി ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും ഒപി സംവിധാനം നടപ്പാക്കും, റോഡപകടങ്ങളില്‍ ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കാനും ബജറ്റ് നിര്‍ദേശം. ഓണറേറിയം ആയിരം രൂപ കൂട്ടിയതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കുട്ടികളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതിന് എല്ലാ സ്‌കൂളുകളിലും കൗണ്‍സലര്‍മാരെ നിയമിക്കും. സൈക്കോ- സോഷ്യല്‍ കൗണ്‍സലര്‍മാര്‍ക്ക് ഓണറേറിയമായി 24000 രൂപ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാചക തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാനും ബജറ്റ് പ്രഖ്യാപനം. 50 രൂപ കൂട്ടിയതായി തോമസ് ഐസക് പറഞ്ഞു. ആയമാരുടെ വേതനത്തില്‍ 500 രൂപയുടെ വര്‍ധനയാണ് വരുത്തുക. ആശാപ്രവര്‍ത്തകരുടെ ബത്തയും വര്‍ധിപ്പിച്ചിട്ടുണ്ട്. ആയിരം രൂപയാണ് ഉയര്‍ത്തിയതെന്നും ധനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com