വീരേന്ദ്ര കുമാര്‍ സ്മാരകത്തിന് അഞ്ചു കോടി, ആറന്മുളയില്‍ സുഗതകുമാരിക്കു സ്മാരകം, രണ്ടു കോടി

വീരേന്ദ്ര കുമാര്‍ സ്മാരകത്തിന് അഞ്ചു കോടി, ആറന്മുളയില്‍ സുഗതകുമാരിക്കു സ്മാരകം, രണ്ടു കോടി
വീരേന്ദ്ര കുമാര്‍/ അജീബ് കൊമാച്ചി
വീരേന്ദ്ര കുമാര്‍/ അജീബ് കൊമാച്ചി


തിരുവനന്തപുരം: അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് എംപി വീരേന്ദ്ര കുമാറിന് സമുചിത സ്മാരകം നിര്‍മിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കോഴിക്കോട്ട് സ്മാരകം നിര്‍മിക്കാന്‍ അഞ്ചു കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

അന്തരിച്ച കവി സുഗതകുമാരിക്കു സ്മാരകം നിര്‍മിക്കാന്‍ രണ്ടു കോടി മാറ്റിവച്ചു. ആറന്മുളയിലാണ് സ്മാരകം നിര്‍മിക്കുക.

പത്ര പ്രവര്‍ത്തക പെന്‍ഷന്‍ ആയിരം രൂപ വര്‍ധിപ്പിച്ചു. നോണ്‍ ജേണലിസ്റ്റ് പെന്‍ഷനിലും വര്‍ധനയുണ്ട്. തിരുവനന്തപുരത്ത് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യത്തോടു കൂടിയ പ്രസ് ക്ലബ് നിര്‍മിക്കും.

തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ബജറ്റ് പ്രഖ്യാപനം. തൊഴിലുറപ്പു തൊഴിലാളികളില്‍ മറ്റു പെന്‍ഷനുകള്‍ ഇല്ലാത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കും. തൊഴിലില്‍നിന്നു പുറത്തു പോവുമ്പോള്‍ മുഴുവന്‍ തുകയും തിരിച്ചുനല്‍കും. അംശദായത്തിനു തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി നല്കും.

തൊഴിലുറപ്പു പദ്ധതിക്ക് 4047 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 75 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 75 ദിവസം തൊഴിലെടുത്തവര്‍ക്ക് ഉത്സവ ബത്ത ക്ഷേമനിധി വഴി നല്‍കും. കുറഞ്ഞത് ഇരുപതു ദിവസം തൊഴിലെടുത്തവര്‍ക്കാണ് ക്ഷേമ നിധി അംഗത്വത്തിന് അവകാശം.

7500 കോടി ഉപജീവനവുമായി ബന്ധപ്പെട്ട പദ്ധതിക്കായി മാറ്റിവച്ചു. കാര്‍ഷിക മേഖലയില്‍ രണ്ടു ലക്ഷവും കാര്‍ഷികേതര മേഖലയില്‍ മൂന്നു ലക്ഷവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com