ലൈഫ്മിഷനില്‍ ഒന്നര ലക്ഷം വീടുകള്‍ കൂടി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും ഒപി; റോഡപകടങ്ങളില്‍ ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2021 11:48 AM  |  

Last Updated: 15th January 2021 11:48 AM  |   A+A-   |  

LIFE MISSION

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് മിഷനില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി 1000 കോടി രൂപ നീക്കിവെച്ചതായി ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും ഒപി സംവിധാനം നടപ്പാക്കും, റോഡപകടങ്ങളില്‍ ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കാനും ബജറ്റ് നിര്‍ദേശം. ഓണറേറിയം ആയിരം രൂപ കൂട്ടിയതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കുട്ടികളുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതിന് എല്ലാ സ്‌കൂളുകളിലും കൗണ്‍സലര്‍മാരെ നിയമിക്കും. സൈക്കോ- സോഷ്യല്‍ കൗണ്‍സലര്‍മാര്‍ക്ക് ഓണറേറിയമായി 24000 രൂപ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാചക തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാനും ബജറ്റ് പ്രഖ്യാപനം. 50 രൂപ കൂട്ടിയതായി തോമസ് ഐസക് പറഞ്ഞു. ആയമാരുടെ വേതനത്തില്‍ 500 രൂപയുടെ വര്‍ധനയാണ് വരുത്തുക. ആശാപ്രവര്‍ത്തകരുടെ ബത്തയും വര്‍ധിപ്പിച്ചിട്ടുണ്ട്. ആയിരം രൂപയാണ് ഉയര്‍ത്തിയതെന്നും ധനമന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി നല്‍കുമെന്ന് തോമസ് ഐസക് പറഞ്ഞു. വെള്ള, നീല കാര്‍ഡുടമകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ അനുവദിക്കുമെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

കോവിഡ് കാലത്ത് ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം കോവിഡാനന്തര കാലത്തും തുടരാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടെന്ന് തോമസ് ഐസക് വ്യക്തമാക്കി.ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷ്യ സബ്‌സിഡിക്കായി 1060 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചര കോടി ഭക്ഷ്യകിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കമ്പോളത്തില്‍ ശക്തമായ ഇടപെടലാണ് നടത്തിയത്. ഓണക്കാലത്ത് ഇത് വിപണിയില്‍ ദൃശ്യമായെന്നും ഐസക് പറഞ്ഞു.

സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി പരമദ്രരിദ്രരുടെ പുതുക്കിയ പട്ടിക തയ്യാറാക്കും. ആശ്രയ പദ്ധതി അനുസരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. ആശ്രയ ഗുണഭോക്താക്കളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തും. ഏകദേശം മൂന്ന് ലക്ഷം കുടുംബങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി തോമസ് ഐസ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

വരുമാനം ഇല്ലാത്തവര്‍ക്കും വരുമാന ശേഷിയില്ലാത്തവര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനായി അഞ്ചുവര്‍ഷം കൊണ്ട് ആറായിരം കോടി രൂപ നല്‍കും. ഇതിലൂടെ സംസ്ഥാനത്ത് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ബജറ്റ് പ്രഖ്യാപനം. തൊഴിലുറപ്പു തൊഴിലാളികളില്‍ മറ്റു പെന്‍ഷനുകള്‍ ഇല്ലാത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കും. തൊഴിലില്‍നിന്നു പുറത്തു പോവുമ്പോള്‍ മുഴുവന്‍ തുകയും തിരിച്ചുനല്‍കും. അംശദായത്തിനു തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി നല്കും.

തൊഴിലുറപ്പു പദ്ധതിക്ക് 4047 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 75 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 75 ദിവസം തൊഴിലെടുത്തവര്‍ക്ക് ഉത്സവ ബത്ത ക്ഷേമനിധി വഴി നല്‍കും. കുറഞ്ഞത് ഇരുപതു ദിവസം തൊഴിലെടുത്തവര്‍ക്കാണ് ക്ഷേമ നിധി അംഗത്വത്തിന് അവകാശം.

എല്ലാ വീട്ടിലും ലാപ്ടോപ്, ദുര്‍ബല വിഭാഗങ്ങള്‍ക്കു പകുതി വിലയ്ക്ക്; ബിപിഎല്‍കാര്‍ക്കു സൗജന്യ ഇന്റര്‍നെറ്റ്
7500 കോടി ഉപജീവനവുമായി ബന്ധപ്പെട്ട പദ്ധതിക്കായി മാറ്റിവച്ചു. കാര്‍ഷിക മേഖലയില്‍ രണ്ടു ലക്ഷവും കാര്‍ഷികേതര മേഖലയില്‍ മൂന്നു ലക്ഷവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും