നാലംഗ കുടുംബം കയറിയപ്പോള്‍ രണ്ടുപേര്‍ക്ക് പഴയ ടിക്കറ്റ്, 10 മിനുട്ട് യാത്രയ്ക്ക് 25 മിനുട്ട് വിശ്രമം ; കെഎസ്ആര്‍ടിസിയിലെ തട്ടിപ്പുകള്‍ എണ്ണിപ്പറഞ്ഞ് എംഡി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2021 01:06 PM  |  

Last Updated: 16th January 2021 01:06 PM  |   A+A-   |  

biju prabhakar ksrtc

കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍

 

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റുമെന്ന് എംഡി ബിജു പ്രഭാകര്‍. ഇവര്‍ മാറിയേ പറ്റൂ. 95 ശതമാനം ജീവനക്കാരെപ്പറ്റിയും തനിക്ക് മോശം അഭിപ്രായമില്ല. രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിപിടിച്ചു നടന്നിട്ടുള്ളവര്‍, കൈക്കൂലി കൊടുത്തും അനധികൃതമായും കെഎസ്ആര്‍ടിസിയില്‍ ജോലിക്ക് കയറിയവരാണ് മോശമായി പെരുമാറുന്നത്.

കെഎസ്ആര്‍ടിസിയില്‍ സ്വിഫ്റ്റ് നടപ്പാക്കുമെന്ന് എം ഡി വ്യക്തമാക്കി. ഇനി കെഎസ്ആര്‍ടിസിക്ക് പണം നല്‍കണമെങ്കില്‍ സ്വിഫ്റ്റ് നടപ്പാക്കിയാല്‍ മാത്രമേ തരികയുള്ളൂ എന്ന് ധനകാര്യ വകുപ്പ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ഒരു സംശയവും വേണ്ട, സ്വിഫ്റ്റ് നടപ്പാക്കിയിരിക്കും. സ്ഥാപനം ചെളിക്കുണ്ടില്‍ കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പരിഷ്‌കരണത്തെ എതിര്‍ക്കുന്നതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. 

ജീവനക്കാരെ കുറയ്ക്കും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 22,000, അതിന് ശേഷം 15,000, അതിന് ശേഷം പതിനായിരവും ആയിട്ട് കുറച്ചേ പറ്റൂ എന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ആരെയും പിരിച്ചുവിടില്ല. അത് കെഎസ്ആര്‍ടിസിയുടെയും സര്‍ക്കാരിന്റെയും നയമല്ല. നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കില്ല. ഇതിനകത്ത് നില്‍ക്കുന്ന ജോലി ചെയ്യുന്ന ജീവനക്കാരന് എക്‌സിക്യൂട്ടീവ് ഡയറക്ടറേക്കാള്‍ ഇന്‍സെന്റീവ് കിട്ടണമെന്നും എംഡി പറഞ്ഞു. 

ഹല്‍വ ഷെഡ്യൂള്‍ എന്ന ഒരു സമ്പ്രദായം കെഎസ്ആര്‍ടിസിയില്‍ നടക്കുന്നുണ്ട്. ഈസ്റ്റ് ഫോര്‍ട്ടില്‍ നിന്നും ബീമാപള്ളിയില്‍ പോകുക. 10 മിനുട്ട് കൊണ്ട് ബീമാ പള്ളിയിലെത്തും. അവിടെ 25 മിനുട്ട് വിശ്രമം. തിരിച്ച് ഈസ്റ്റ് ഫോര്‍ട്ടിലെത്തിയിട്ടും ഇത് തുടരുന്നതായി എംഡി പറഞ്ഞു. ദീര്‍ഘദൂര സ്വകാര്യബസുകളെ സഹായിക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നുവെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിനെതിരെ ശിക്ഷാനടപടി ഉണ്ടാകും. 2012-15 കാലത്ത് അക്കൗണ്ട്‌സ് മാനേജര്‍ ആയിരുന്നപ്പോള്‍ 100 കോടിയുടെ തിരിമറിയാണ് നടത്തിയത് എന്നും കെഎസ്ആര്‍ടിസി എംഡി പറഞ്ഞു. ടിക്കറ്റ് നല്‍കുന്നതിലും, ലോക്കല്‍ പര്‍ച്ചേസിലും എല്ലാം വെട്ടിപ്പ് നടക്കുന്നുണ്ട്. ടെണ്ടര്‍ ഇല്ലാതെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉയര്‍ന്ന വില രേഖപ്പെടുത്തുന്നു, കമ്മീഷന്‍ കൈപ്പറ്റുന്നു. 

കുമളിയില്‍ നിന്നും നാലംഗ കുടുംബം ബസില്‍ കയറിയപ്പോള്‍ രണ്ട് ടിക്കറ്റ് നല്‍കുകയും, രണ്ട് പഴയ ടിക്കറ്റുകളും നല്‍കുന്ന സംഭവമുണ്ടായി എന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. പുനരുദ്ധാരണ പാക്കേജ് വന്നുകഴിയുമ്പോള്‍ വര്‍ക്ക് ഷോപ്പുകളുടെ എണ്ണം കുറയ്ക്കും. 20 എണ്ണം മാത്രമേ ഉണ്ടാകൂ. കെഎസ്ആര്‍ടിസി ബസുകളുടെ നമ്പറില്‍ മാറ്റം വരുത്തും. മൂന്നു സീരീസുകളുള്ള നമ്പുകളാകും വരിക. മൂന്നു മുതല്‍ അഞ്ചുകൊല്ലം കൊണ്ട് മാറ്റങ്ങള്‍ നടപ്പാക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.