ആശങ്ക വേണ്ട ; വാക്‌സിന്‍ എടുത്താലും ജാഗ്രത തുടരണമെന്ന് മന്ത്രി ശൈലജ

വരും ദിവസങ്ങളില്‍ കേരളത്തിന് കൂടൂതല്‍ വാക്‌സിനുകള്‍ കിട്ടണം. കൂടുതല്‍ വാക്‌സിന്‍ കിട്ടിയാല്‍ കൊടുക്കാന്‍ കേരളം തയ്യാറാണ്
ആരോഗ്യമന്ത്രി കെ കെ ശൈലജ / ഫയൽ ചിത്രം
ആരോഗ്യമന്ത്രി കെ കെ ശൈലജ / ഫയൽ ചിത്രം

കണ്ണൂര്‍:  കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്‌സിനാണ് കോവിഷീല്‍ഡ്. വാക്‌സിന്‍ എടുത്താലും ജാഗ്രത തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

കോവിഡ് വാക്‌സിനെതിരായ വ്യാജ പ്രചാരണം ജനം വിശ്വസിക്കരുത്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിയെടുക്കും. കോവിഡ് വാക്‌സില്‍ രണ്ടാംഘട്ട കുത്തിവെയ്പ്പിനുള്ള രജിസ്‌ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയായി. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. 

വാക്‌സിന്‍ വിതരണം കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണ്. ആദ്യഘട്ടത്തിലെ വാക്‌സിന്‍ വിതരണം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ളതാണ്. രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു. 

വരും ദിവസങ്ങളില്‍ കേരളത്തിന് കൂടൂതല്‍ വാക്‌സിനുകള്‍ കിട്ടണം. കൂടുതല്‍ വാക്‌സിന്‍ കിട്ടിയാല്‍ കൊടുക്കാന്‍ കേരളം തയ്യാറാണ്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയതിലെ വിവാദം അടിസ്ഥാനരഹിതമാണ്.  അടുത്ത ഘട്ടത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും മന്ത്രി  പറഞ്ഞു.

133 വാക്‌സീനേഷന്‍ കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. 10.30 ഓടെ വാക്‌സിനേഷന്‍ തുടങ്ങും. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ ഇന്ന് വാക്‌സിന്‍ എടുക്കും. 13300 പേര്‍ ഇന്ന് വാക്‌സിന്‍ സ്വീകരിക്കും. നാളെ മുതല്‍ കൊവിന്‍ ആപ്പ് ആക്ടിവേറ്റ് ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്ദേശം വന്നു തുടങ്ങും. കുത്തിവയ്‌പെടുക്കാന്‍ എത്തേണ്ട കേന്ദ്രം , സമയം എല്ലാം സന്ദേശത്തില്‍ ഉണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com