'അവള്‍ക്ക് രക്തം കണ്ടാല്‍ പേടി, ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ'; യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2021 12:01 PM  |  

Last Updated: 17th January 2021 12:03 PM  |   A+A-   |  

thiruvananthapuram death

മരിച്ച ആതിര / സോഷ്യല്‍ മീഡിയ ചിത്രം

 

തിരുവനന്തപുരം: കല്ലമ്പലത്ത് ഒന്നര മാസം മുന്‍പ് വിവാഹം കഴിച്ച യുവതിയെ ഭര്‍തൃഗൃഹത്തില്‍ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരിച്ച ആതിരയുടെ കുടുംബത്തിനൊപ്പം ഭര്‍ത്താവ് ശരത്തിന്റെ കുടുംബവും ദുരൂഹത ആരോപിച്ചു. എന്നാല്‍ ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ നിഗമനം.

വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജി-ശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരത്തിന്റെ ഭാര്യയുമായ ആതിരയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചനിലയില്‍ കണ്ടത്. മകള്‍ ആതിരയുടെ ക്ഷേമം അന്വേഷിക്കാന്‍ ഭര്‍തൃവീട്ടില്‍ എത്തിയ അമ്മ കാണുന്നത് രക്തത്തില്‍ കുളിച്ച നിലയില്‍ മകളുടെ മൃതദേഹമാണ്. വെന്നിയോട് താമസിക്കുന്ന ഇവര്‍ രാവിലെ പത്ത് മണിയോടെയാണ് മകള്‍ ആതിരയുടെ ഭര്‍തൃവീടായ കല്ലമ്പലത്ത് എത്തിയത്. 

ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് ആതിരയുടെ അമ്മ. അവള്‍ക്ക് രക്തം പേടിയാണ്. ഒരു മുള്ളു കൊണ്ടാല്‍ പോലും അവള്‍ക്കു എടുക്കാന്‍ സാധിക്കില്ലെന്നും അമ്മ പറയുന്നു.

സംഭവദിവസം വീട്ടില്‍ എത്തിയപ്പോള്‍ കതക് തുറന്നു കിടക്കുകയായിരുന്നെങ്കിലും ആരെയും കണ്ടില്ലെന്ന്  ആതിരയുടെ അമ്മ പറയുന്നു. ആതിരയും ഭര്‍ത്താവ് ശരത്തുമാണ് വീട്ടില്‍ താമസം. ഒന്നര മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ശരത്തിന്റെ അച്ഛനും അമ്മയും തൊട്ടടുത്ത് മറ്റൊരു വീട്ടിലാണ് താമസം. വീട്ടില്‍ ആരെയും കാണാത്തതിനാല്‍ ആതിരയെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. തുടര്‍ന്ന് ശരത്തിന്റെ അമ്മയെ വിളിച്ചുവരുത്തി.

ഇരുവരും ചേര്‍ന്ന് വീട്ടിനകത്ത് തിരഞ്ഞെങ്കിലും ആതിരയെ കണ്ടില്ല. തുടര്‍ന്ന് അച്ഛനുമായി കൊല്ലത്തെ ആശുപത്രിയില്‍ പോയിരുന്ന ശരത്തിനെ വിളിച്ചു. ആശുപത്രിയില്‍നിന്നു മടങ്ങി വരികയാണെന്നും എത്തിയശേഷം അന്വേഷിക്കാമെന്നും പറഞ്ഞു. ശരത് എത്തി വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹത്തിനു തൊട്ടുമുന്‍പാണ് ശരത് വിദേശത്തുനിന്നു നാട്ടിലെത്തിയത്.