'കാലുവാരികളുടെ സ്ഥലത്തേക്ക് തല്ലിക്കൊന്നാല്‍ പോകുമോ?';  കായംകുളത്ത് മത്സരിക്കാനില്ലെന്ന് സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2021 05:40 PM  |  

Last Updated: 17th January 2021 05:44 PM  |   A+A-   |  

g_sudhakaran

ജി സുധാകരന്‍/ഫയല്‍ ചിത്രം

 

ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കാലുവാരി തോല്‍പ്പിച്ച കായംകളുത്തക്കേക്ക് തല്ലിക്കൊന്നാലും പോകില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പാര്‍ട്ടിയില്‍ സീറ്റു ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. പുതിയ ആളുകള്‍ വരുന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകും. എന്നാല്‍ താന്‍ പൊതുമരാമത്ത് മന്ത്രിയാകുമോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

'കായംകുളത്തേക്ക് തല്ലിക്കൊന്നാല്‍ പോകുമോ?, കാലുവാരുന്ന സ്ഥലത്തേക്ക്. നല്ല കാര്യമായി, അവര്‍ കാലിലേക്കാണ് നോക്കുന്നത്, മുഖത്തേക്ക് നോക്കില്ല'- ഇതായിരുന്നു കായംകുളത്ത് മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിയുടെ പ്രതികരണം. 

'2001ലെ ഇലക്ഷനില്‍ എന്നെ ഒരു കാര്യവുമില്ലാതല്ലെ കാലുവാരി തോല്‍പ്പിച്ചത്. അവിടെ ആ സംസ്‌കാരമൊന്നും ഇപ്പോഴും മാറിയിട്ടില്ല' എന്നും ജി സുധാകരന്‍ പറഞ്ഞു. 

കായംകുളത്തെ ഇപ്പോഴത്തെ എംഎല്‍എയ്ക്ക് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. അവിടുത്തെ എംഎല്‍എ യു പ്രതിഭ ഒരു ടേമേ ആയിട്ടുള്ളൂ. അവര്‍ എല്ലാം നന്നായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുട്ടേല്‍ പാലത്തിന്റെ ഉദ്ഘാടന പോസ്റ്ററില്‍ യു പ്രതിഭ എംഎല്‍എയുടെ പേരില്ലാത്തത് തെറ്റായിപ്പോയെന്നും ഇത്തരം നീക്കം ശത്രുക്കളെ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു.  അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഭയെ ഒഴിവാക്കാനുള്ള നീക്കത്തില്‍ പങ്കുചേരില്ലെന്ന സൂചനയാണ് ജി സുധാകരന്‍ നല്‍കിയത്.