നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 10 ന് മുമ്പ് ?; ചര്‍ച്ചകള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2021 08:19 AM  |  

Last Updated: 18th January 2021 08:19 AM  |   A+A-   |  

VOTERS LIST

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 10 ന് മുമ്പായി നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയില്‍. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം തേടിയതായാണ് സൂചന. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ ഈ ആഴ്ച കേരളത്തിലെത്തും. 

ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്തുന്നതാണ് കമ്മീഷന്‍ പരിഗണിക്കുന്നത്. ഏപ്രില്‍ 14 ന് വിഷുവാണ്. 15 ന് റമദാന്‍ വ്രതം ആരംഭിക്കും. ഈ പശ്ചാത്തലത്തില്‍ ഇതിന് മുമ്പ് വോട്ടെടുപ്പ് നടത്താനാണ് ആലോചന. 

കുട്ടികളുടെ പരീക്ഷകള്‍, വിശേഷ ദിവസങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ആലോചിക്കുന്നത്. മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷകളും മെയ് മാസത്തില്‍ സിബിഎസ്ഇ പരീക്ഷകളും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെയാണ് വിഷുവിന് മുമ്പ് വോട്ടെടുപ്പ് പരിഗണിക്കുന്നത്. 

വോട്ടെടുപ്പ് തീയതി സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ക്കായി സംസ്ഥാനത്തെത്തുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. 2016 ല്‍ മെയ് 16 നാണ് വോട്ടെടുപ്പ് നടന്നത്. 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്.