'ഉമ്മന്‍ചാണ്ടി നയിക്കും യുഡിഎഫ് ജയിക്കും'; ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ 'നായകന്' പ്രവര്‍ത്തകരുടെ സ്വീകരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2021 10:23 PM  |  

Last Updated: 18th January 2021 10:29 PM  |   A+A-   |  

ommen_chandy

ഉമ്മന്‍ചാണ്ടി /ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വീകരണം. തിരുവനന്തപുരം വിമാനത്താവളത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത്. ഉമ്മന്‍ചാണ്ടി നയിക്കും യുഡിഎഫ് ജയിക്കും എന്ന പ്ലക്കാര്‍ഡുകളും പൂമാലകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. 

കേരളത്തിലെ തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതല ഉമ്മന്‍ചാണ്ടിക്ക് നല്‍കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി അധ്യക്ഷനായ പത്തംഗ സമിതിയും രൂപവത്കരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, ശശി തരൂര്‍, വി.എം. സുധീരന്‍. കെ. മുരളീധരന്‍, കെ. സുധാകരന്‍ തുടങ്ങിയവരാണ് പുതിയ സമിതിയിലുള്ളത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഉമ്മന്‍ചാണ്ടി നയിക്കണമെന്ന് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ആവശ്യമുയര്‍ന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സജീവമല്ലാതിരുന്നത് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി. ഇതിനെത്തുടര്‍ന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉമ്മന്‍ചാണ്ടിയെ  തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷ പദവിക്കൊപ്പം, തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ രൂപവത്കരിക്കാനുള്ള ചുമതലയും ഉമ്മന്‍ചാണ്ടിക്കാണ്.