ബാര്‍ കോഴ കേസില്‍ ബിജു രമേശിന് കുരുക്ക്; സിഡിയില്‍ തുടര്‍നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

ബാര്‍ കോഴ കേസില്‍ എഡിറ്റ് ചെയ്ത സിഡി ഹാജരാക്കിയെന്ന പരാതിയില്‍ ബിജു രമേശിനെതിരെ തുടര്‍നടപടിക്ക് ഹൈക്കോടതിയുടെ ഉത്തരവ്
ബിജു രമേശ്/ഫയല്‍ ചിത്രം
ബിജു രമേശ്/ഫയല്‍ ചിത്രം

കൊച്ചി: ബാര്‍ കോഴ കേസില്‍ എഡിറ്റ് ചെയ്ത സിഡി ഹാജരാക്കിയെന്ന പരാതിയില്‍ ബിജു രമേശിനെതിരെ തുടര്‍നടപടിക്ക് ഹൈക്കോടതിയുടെ ഉത്തരവ്. കൃത്രിമ രേഖകള്‍ നല്‍കിയതിന് ബിജുരമേശിനെതിരെ നടപടിയെടുക്കാനാവില്ല എന്ന മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി തള്ളി.

ബാര്‍ കോഴ കേസില്‍ ഏറെ വിവാദമായതാണ് ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖ. കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് ബിജു രമേശ് ശബ്ദ രേഖ ഹാജരാക്കിയത്. പിന്നീട് ശബ്ദ രേഖ അടങ്ങിയ സിഡി വിജിലന്‍സ് പരിശോധിക്കുകയും ഇതില്‍ കൃത്രിമം നടന്നു എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ടാമത്തെ ബാര്‍ കോഴ വിവാദത്തിന് ശേഷം  കോടതിയില്‍ വ്യാജ തെളിവുകള്‍ ഹാജരാക്കിയതിന് ബിജു രമേശിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി നിരസിച്ചു. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു നിയമനടപടി സാധ്യമല്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

ഇതിനെതിരെ ശ്രീജിത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബാര്‍ കോഴ കേസില്‍ എഡിറ്റ് ചെയ്ത സിഡി ഹാജരാക്കി കോടതിയെ കബളിപ്പിക്കാനാണ് ശ്രമിച്ചതെങ്കില്‍ കള്ളസാക്ഷി പറഞ്ഞത് അടക്കമുള്ള കാര്യങ്ങളില്‍ തുടര്‍നടപടിയുമായി മുന്നോട്ടുപോകാനാണ് ഹൈക്കോടതി ജസ്റ്റിസ് നാരായണപ്പിഷാരടി നിര്‍ദേശം നല്‍കിയത്. ഹര്‍ജിക്കാരന് ഇക്കാര്യം ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം. മജിസ്‌ട്രേറ്റ് കോടതിയാണ് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക എന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കെതിരെ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിലേക്ക് നീങ്ങുകയാണ്. ഈ പശ്ചാത്തലത്തിലാണ് ബിജു രമേശിനെതിരെ ഹൈക്കോടതിയുടെ ഉത്തരവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com