കുളിമുറിയിൽ പൂട്ടി മകൻ പോയി, ഉറുമ്പരിച്ച് അവശയായി നിലവിളിച്ചിട്ടും ആരും സഹായിച്ചില്ല; 80 കാരിക്ക് തുണയായി പൊലീസ്
By സമകാലിക മലയാളം ഡെസ്ക് | Published: 18th January 2021 09:25 AM |
Last Updated: 18th January 2021 09:25 AM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്; കുളിമുറിക്കുള്ളിൽ ഉറുമ്പരിച്ച് അവശയായ നിലയിൽ കണ്ടെത്തിയ 80 വയസുകാരിക്ക് സഹായവുമായി പൊലീസ്. മകനാണ് അമ്മയെ കുളിമുറിയിൽ പൂട്ടിയിട്ട് പോയത്. അവശയായി അമ്മ നിലവിളിച്ചിട്ടും തൊട്ടടുത്തുള്ള അയൽക്കാർ പോലും തിരിഞ്ഞുനോക്കിയില്ല. തുടർന്നാണ് പൊലീസ് എത്തി ഭക്ഷണം നൽകി ആശുപത്രിയിലേക്കു മാറ്റിയത്. പാലക്കാടാണ് സംഭവമുണ്ടായത്. സംഭവത്തിൽ മകനും മരുമകൾക്കുമെതിരെ പൊലീസ് കേസെടുത്തു.
കല്ലേപ്പുള്ളി തെക്കുമുറി എടക്കാട്ടെ ലൈൻ ഷെഡിൽ താമസിക്കുന്ന വയോധികയാണ് ബുദ്ധിമുട്ടിലായത്. പഴനിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനായാണ് മകനും മരുമകളും മുറിയിൽ നിന്ന് ഇടുങ്ങിയ കുളിമുറിയിലേക്കു അമ്മയെ മാറ്റിക്കിടത്തിയത്. ഭക്ഷണം പാത്രത്തിലാക്കി കുളിമുറിയിൽ വച്ചിരുന്നു. വെയിലിനു ചൂടേറിയതോടെ അവശത വർധിച്ച വയോധിക നിലവിളിച്ചെങ്കിലും ആരും സഹായിച്ചില്ല.
വിവരം അറിഞ്ഞ ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിർദേശമനുസരിച്ചു കസബ പൊലീസ് സ്ഥലത്തെത്തി ഷെഡിന്റെ പൂട്ടുപൊളിച്ച് അമ്മയെ മാറ്റിക്കിടത്തി. ഭക്ഷണവും നൽകി. പിന്നീടു മലമ്പുഴ സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. സുനിൽകൃഷ്ണന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. തമിഴ്നാട് സ്വദേശികളായ ഇവർ ഒരു വർഷം മുൻപാണ് ഇവിടേക്കു താമസത്തിനെത്തിയത്. 2 ആൺമക്കളും ഒരു മകളുമുണ്ട്. ആൺമക്കൾ കൂലിപ്പണിക്കാരാണ്. മുൻപും അമ്മയെ മക്കൾ കുളിമുറിയിൽ അടച്ചിട്ടിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. തമിഴ്നാട്ടിലേക്കു പോയ മകനോടും മരുമകളോടും രാത്രിതന്നെ തിരിച്ചെത്താൻ പൊലീസ് നിർദേശിച്ചു. മുതിർന്ന പൗരൻമാർക്കെതിരെയുള്ള അതിക്രമ നിരോധന നിയമ പ്രകാരമാണു കേസ്.