തോമസ് ഐസക്/ ഫയല്‍ ചിത്രം
തോമസ് ഐസക്/ ഫയല്‍ ചിത്രം

മസാലബോണ്ട് വഴി വിദേശ വായ്പ എടുത്തത് ഭരണഘടനാ വിരുദ്ധം, കിഫ്ബി കടമെടുപ്പ് സര്‍ക്കാരിന് ബാധ്യത; രൂക്ഷ വിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട് 

ഭരണഘടനപരമായല്ല കിഫ്ബിയുടെ പ്രവര്‍ത്തനമെന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു

തിരുവനന്തപുരം: സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് സിഎജി റിപ്പോര്‍ട്ട്. ഭരണഘടനപരമായല്ല കിഫ്ബിയുടെ പ്രവര്‍ത്തനമെന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ധനമന്ത്രിയുടെ വിശദീകരണ കുറിപ്പോടെയാണ് സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. ഇതില്‍ പ്രതിപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ചു.

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന സിഎജിയുടെ റിപ്പോര്‍ട്ടാണ് സഭയുടെ മേശപ്പുറത്ത് വച്ചത്. മസാലബോണ്ട് വഴി വിദേശത്ത് നിന്ന് വായ്പ എടുത്തത് ഭരണഘടനാച്ചട്ടങ്ങളുടെ ലംഘനമാണ്. മസാലബോണ്ട് വഴി വിദേശത്ത് നിന്ന് കടമെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത് വരെ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക സ്ഥിതിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാവുന്നതാണ് ഇത്തരത്തിലുള്ള കടമെടുപ്പ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ അട്ടിമറിക്കുന്നതാണ് ഇത്തരം നടപടികളെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ബജറ്റിന് പുറത്ത് ഒരു സ്ഥാപനം സൃഷ്ടിച്ച് വായ്പ എടുക്കുന്നത് രാജ്യത്തിന്റെ സമ്പദ് ഘടനയെ തന്നെ തകിടം മറിക്കുന്ന രീതിയാണ്. ഒരു സംസ്ഥാനം ഇങ്ങനെ നടപടി സ്വീകരിക്കുന്നു. ഈ രീതി മറ്റു സംസ്ഥാനങ്ങള്‍ പിന്തുടര്‍ന്നാല്‍ രാജ്യത്തിന്റെ സമ്പ്ദ ഘടന അപ്പാടെ അപകടത്തിലാകുന്ന സ്ഥിതിയുണ്ടാകാം. കിഫ്ബി മുഖാന്തരം എടുക്കുന്ന വായ്പയുടെ തിരിച്ചടവിന് റവന്യൂവരുമാനത്തെ ആശ്രയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതി, വാഹന നികുതി എന്നിവയില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം ഇതിനായി നീക്കിവെയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത്തരത്തില്‍ കിഫ്ബി ഉപയോഗിച്ച് വായ്പ എടുത്ത ശേഷം തിരിച്ചടവിന് റവന്യൂ വരുമാനത്തെ ആശ്രയിക്കുന്നത് ഭരണഘടനാച്ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ധനമന്ത്രിയുടെ വിശദീകരണ കുറിപ്പോടെയാണ് നിയമസഭയില്‍ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് ക്രമപ്രശ്‌നമായി പ്രതിപക്ഷം ഉന്നയിച്ചു. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുന്നതിന് മുന്‍പ് ഇതിലെ വസ്തുതകള്‍ പരസ്യമാക്കിയ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. ഇത് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. നോട്ടീസിന്മേല്‍ തോമസ് ഐസക്കിന്റെയും നോട്ടീസ് നല്‍കിയ വി ഡി സതീശന്‍ എംഎല്‍എയുടെയും മൊഴി എത്തിക്‌സ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com