10,12 ക്ലാസിലെ സിലബസ് വെട്ടിക്കുറയ്ക്കില്ല; താത്പര്യമുള്ള എത്ര ചോദ്യത്തിനും ഉത്തരമെഴുതാം: വിദ്യാഭ്യാസ മന്ത്രി

സിലബസ് വെട്ടിക്കുറയ്ക്കുന്നത് കുട്ടികളോടുള്ള അനീതിയാകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: പത്ത്, പ്ലസ്ടു ക്ലാസുകളിലെ സിലബസ് വെട്ടിച്ചുരുക്കില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. സിലബസ് വെട്ടിക്കുറയ്ക്കുന്നത് കുട്ടികളോടുള്ള അനീതിയാകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

സിലബസ് ചുരുക്കിയാൽ ഒഴിവാക്കപ്പെടുന്ന  മേഖലകളെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവ് ലഭിക്കില്ല. തുടർ പഠനത്തിൽ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ തീയതികൾ മാറ്റില്ലെന്നും മന്ത്രി പറഞ്ഞു. മാർച്ച് 17-20 വരെയാകും പൊതുപരീക്ഷകൾ. പുതിയൊരു പരീക്ഷാരീതിയാണ് കോവിഡ് കാലത്തു  വികസിപ്പിക്കുന്നത്. ‌‌

കുട്ടികൾക്ക്  എന്തറിയില്ല എന്നതിനേക്കാൾ എന്തറിയാം എന്ന സമീപനമാകും കൈക്കൊള്ളുക. പുതിയ പരീക്ഷാരീതിയിൽ കൂടുതൽ ചോദ്യങ്ങളുണ്ടാകും. താത്പര്യമുള്ള എത്ര ചോദ്യത്തിനു വേണമെങ്കിലും വിദ്യാർഥികൾക്ക് ഉത്തരമെഴുതാം. പരീക്ഷയ്ക്കു ചോദ്യങ്ങൾ വരുന്ന ഓരോ അധ്യായത്തിലെയും പ്രധാനഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവിടെ നിന്നായിരിക്കും പ്രധാനമായും ചോദ്യങ്ങൾ. ആകെ വിഷയം സംബന്ധിച്ചും പ്രധാനമേഖലകളെക്കുറിച്ചും ഡിജിറ്റൽ ക്ലാസുകൾ നടത്തിയിട്ടുണ്ട്. പ്രധാനമേഖലകളെക്കുറിച്ചു വീണ്ടും ക്ലാസ് നടത്തും. മോഡൽ പരീക്ഷയുണ്ടാകും. വിദ്യാർഥി സൗഹൃദപരീക്ഷയാകും  നടത്തുക. അഭിരുചിക്കും താത്പര്യത്തിനുമനുസരിച്ച് പരീക്ഷ എഴുതുന്നതിലാണ് ഊന്നൽ. ചോദ്യമാതൃക ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com