ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നത് വോട്ട് കച്ചവടത്തിന്;  നാട്ടുകാരെ പറ്റിക്കാനാണ് ശ്രമമെന്ന് എ വിജയരാഘവന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2021 07:49 PM  |  

Last Updated: 19th January 2021 07:49 PM  |   A+A-   |  

vijayaraghavan

എ വിജയരാഘവന്‍ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നത് വോട്ട് കച്ചവടത്തിന് വേണ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നാട്ടുകാരെ പറ്റിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എല്ലാ തീവ്രവാദ ശക്തികളെയും ഒന്നിപ്പാക്കാന്‍ ഒരു നേതാവ് വേണം. അതിന് വേണ്ടിയാണ് ഉമ്മന്‍ചാണ്ടിയെ നേതൃത്വമേല്‍പ്പിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാനുള്ള പത്തംഗസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതിയില്‍ പത്ത് പേരാണുള്ളത്. 

ഉമ്മന്‍ചാണ്ടിയെ കൂടാതെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, എംപിമാരായ കെ.മുരളീധരന്‍, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവരാണ് പത്തംഗ സമിതിയില്‍ അംഗമായിട്ടുള്ളത്. 

കെപിസിസിയുടെ തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനും പ്രചരണ തന്ത്രം രൂപീകരിക്കാനുമുള്ള സമിതിയാണ് ഉമ്മന്‍ചാണ്ടി അധ്യക്ഷനായി വരുന്നത് എഐസിസിയുടെ ഉത്തരവില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തന്ത്രങ്ങള്‍ രൂപീകരിക്കാനുമായി സമിതി തുടര്‍ച്ചയായി യോഗം ചേരണമെന്നും ഇതുമായി ബന്ധപ്പെട്ട അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.