അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി ;  കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ ചന്ദ്രശേഖരൻ അടക്കമുള്ളവർക്കെതിരെ കുറ്റപത്രം

പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നിഷേധിച്ചതിനാലാണ് സിബിഐയുടെ നടപടി
ആർ ചന്ദ്രശേഖരൻ/ ഫെയ്സ്ബുക്ക് ചിത്രം
ആർ ചന്ദ്രശേഖരൻ/ ഫെയ്സ്ബുക്ക് ചിത്രം

തിരുവനന്തപുരം : കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കോർപ്പറേഷൻ മുന്‍ ചെയര്‍മാന്‍ ആർ ചന്ദ്രശേഖരൻ, മുൻ എം ഡി കെ എ രതീഷ്, കരാറുകാരന്‍ ജയ്മോൻ ജോസഫ് എന്നിവരാണ് പ്രതികള്‍. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നിഷേധിച്ചതിനാലാണ് സിബിഐയുടെ നടപടി.നേരത്തെ തെളിവുകൾ ഒന്നൊന്നായി നിരത്തിയിട്ടും  ഐഎൻടിയുസി നേതാവ് ആ‍ർ ചന്ദ്രശേഖരൻ അടക്കമുളളവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ അനുമതി നൽകിയിരുന്നില്ല.

അതിനെ തുടർന്നാണ് അഴിമതി നിരോധന വകുപ്പ് ഒഴിവാക്കിയത്. ഐപിസി വകുപ്പ് പ്രകാരമാണ് സിബിഐ നീക്കം.    പ്രോസിക്യൂഷൻ സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ തുടരുകയാണെന്ന് സിബിഐ തിരുവനന്തപുരം കോടതിയെ അറിയിച്ചു. കൊല്ലം സ്വദേശി കടകംപള്ളി മനോജാണ് പരാതിക്കാരൻ. 500 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആക്ഷേപം. 

2006 മുതൽ 2015 വരെയുള്ള അഴിമതിയാണ് സിബിഐ അന്വേഷിച്ചതെന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് പറഞ്ഞു. വി എസ് അച്യുതാനന്ദൻ സർക്കാരിൻരെ കാലത്തു തുടങ്ങിയ അഴിമതിയാണിത്. കേസിലെ രണ്ടാം പ്രതി സിപിഎം നേതാവ് ഇ കാസിം ആണ്. അദ്ദേഹം മരിച്ചതിനെ തുടർന്നാണ് കേസിൽ നിന്നും ഒഴിവായതെന്ന് പരാതിക്കാരൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com