വിദ്യാഭ്യാസ വായ്പയില്‍ തടസം; വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th January 2021 06:44 AM |
Last Updated: 19th January 2021 06:44 AM | A+A A- |

പ്രതീകാത്മക ചിത്രം
എഴുകോൺ: വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനഃപ്രയാസമാണു സംഭവത്തിനു പിന്നിലെന്നു പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. പോച്ചംകോണം അനന്തുസദനത്തിൽ സുനിൽകുമാറിന്റെയും ഉഷാകുമാരിയുടെയും മകൾ അനഘ സുനിൽ(19) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. തമിഴ്നാട്ടിലെ തേനിയിലെ കോളജിൽ പാരാമെഡിക്കൽ കോഴ്സിനു അനഘ പ്രവേശനം നേടിയിരുന്നു. പഠന ചെലവിനായി അനഘ ബാങ്കിൽ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചു. 4 ലക്ഷം രൂപയാണു പഠനച്ചെലവായി വേണ്ടിയിരുന്നത്. ഇന്നലെ വായ്പ സംബന്ധിച്ചു സംസാരിക്കാൻ അനഘ ബാങ്കിൽ പോയിരുന്നു. ബാങ്കിൽനിന്നു മകൾ വിളിച്ചു വായ്പ ലഭിക്കുന്ന കാര്യം സംശയമാണെന്നു പറഞ്ഞതായി പിതാവ് പറഞ്ഞു.
മാതാപിതാക്കൾ വീട്ടിലെത്തി വിളിച്ചപ്പോൾ അനഘ വാതിൽ തുറന്നില്ല. കതക് ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോൾ തൂങ്ങിമരിച്ച നിലയിലായിരുന്നു. വീട് വയ്ക്കാൻ ഇതേ ബാങ്കിൽ നിന്നു വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് കുടിശിക ആയതിനാൽ വിദ്യാഭ്യാസ വായ്പയ്ക്ക് അതു തടസ്സമാകുമോ എന്ന സംശയത്തിൽ 45,000 രൂപ ഈയിടെ ഇവർ അടച്ചിരുന്നു. നാളെ കോളജിൽ ക്ലാസ് തുടങ്ങാനിരിക്കുകയായിരുന്നു. ഇതിനു മുൻപായി ഫീസ് അടയ്ക്കണം എന്നായിരുന്നു നിർദേശം.