കെവി വിജയദാസ് എംഎൽഎയുടെ സംസ്കാരം ഇന്ന്; അന്തിമോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി എത്തും

കെവി വിജയദാസ് എംഎൽഎയുടെ സംസ്കാരം ഇന്ന്; അന്തിമോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി എത്തും
കെവി വിജയദാസ് എംഎൽഎ/ ഫെയ്സ്ബുക്ക്
കെവി വിജയദാസ് എംഎൽഎ/ ഫെയ്സ്ബുക്ക്

തൃശൂർ: ഇന്നലെ അന്തരിച്ച കോങ്ങാട് എംഎൽഎ കെവി വിജയദാസിന്റെ സംസ്കാരം ഇന്ന്. മൃതദേഹം ഇന്ന് പാലക്കാട് എലപ്പുള്ളിയിലെ വീട്ടിൽ എത്തിക്കും. തുടർന്ന് എലപ്പുള്ളി ഗവ: സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. ഒൻപത് മണിയോടെ മൃതദേഹം സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലെത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കാൻ എത്തുന്നുണ്ട്. 11 മണിക്ക് ചന്ദ്ര നഗർ വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ.

ജനകീയനായ എംഎൽഎയെ ആണ് വിജയദാസിന്റെ വിയോഗത്തിലൂടെ പാലക്കാടിന് നഷ്ടമായത്. രണ്ട് തവണ കോങ്ങാടിനെ നിയമസഭയിൽ പ്രതിനിധീകരിച്ച വിജയദാസ്, മികച്ച സഹകാരിയും കർഷകനുമായാണ് ജന മനസിൽ ജീവിച്ചത്.

വിജയദാസ് ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ലോകത്തിന്‌ മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ്‌ ഏറ്റെടുത്ത് നടപ്പാക്കിയത്. ഏഷ്യയിൽത്തന്നെ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതിയും മീൻവല്ലത്തേതായിരുന്നു. ഡിവൈഫ്ഐ രൂപീകരിക്കും മുമ്പ്, കെഎസ്‌വൈഎഫിലൂടെ പൊതുപ്രവർത്തനരംഗത്ത്‌ വന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസവും അനുഭിച്ചിട്ടുണ്ട്‌. ദീർഘകാലം സിപിഎം എലപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന്‌ പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു.

1987 ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി. തുടർന്ന് പാലക്കാട് ജില്ല പഞ്ചായത്ത് രൂപീകരിക്കപ്പെട്ട 1995ൽ ജില്ല പഞ്ചായത്ത് പ്രസിഡന്റായി. 2011മുതലാണ് കോങ്ങാടിനെ പ്രതിനധീകരിച്ച് നിയമസഭയിലെത്തിയത്. പാലക്കാടിന്റ കായിക കുതിപ്പിന് സംഭാവന നൽകിയ പറളി സ്കൂളിൽ സ്പോർട് കോംപ്ലക്സ്, അട്ടപ്പാടിയിലെ ബ്രഹ്മഗിരി ചിക്കൻ ഫാം എന്നിവ അദ്ദേഹത്തിന്റ വേറിട്ട പദ്ധതികളിൽ ചിലതാണ്. നിലവില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗമാണ് വിജയദാസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com