കെപിസിസി പ്രസിഡന്റാകാന്‍ ആര്‍ത്തിപ്പണ്ടാരമായി ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല : കെ സുധാകരന്‍

മുല്ലപ്പള്ളി ഗ്രൂപ്പുണ്ടാക്കും എന്നു നിങ്ങള്‍ കരുതുന്നു എങ്കില്‍ നിങ്ങള്‍ക്ക് മുല്ലപ്പള്ളിയെ അറിയില്ല എന്നാണ് അര്‍ത്ഥം
കെ സുധാകരന്‍ / ഫെയ്‌സ്ബുക്ക് ചിത്രം
കെ സുധാകരന്‍ / ഫെയ്‌സ്ബുക്ക് ചിത്രം

കണ്ണൂര്‍ : നിയമസഭ തെരഞ്ഞെടുപ്പിലെ ഉമ്മന്‍ചാണ്ടിയുടെ വരവ് യുഡിഎഫിന് ആത്മവിശ്വാസം ഉണ്ടാക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതില്‍ ആര്‍ക്കും എതിര്‍പ്പില്ല.  യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി ആരാകും എന്ന ചര്‍ച്ച നടന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. 

കെപിസിസി പ്രസിഡന്റ് പദവിയില്‍ ഇപ്പോള്‍ ഒഴിവില്ല. ഇല്ലാത്തിടത്ത് കെ സുധാകരനെ ആക്കാന്‍ പറ്റുമോ. താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി ആറ്റുനോറ്റ് കുത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയൊന്നുമല്ല. അതില്‍ ആര്‍ക്കും സംശയം വേണ്ട. 

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും സത്യസന്ധമായി നിറവേറ്റും. അതല്ലാതെ കെപിസിസി പ്രസിഡന്റാകാന്‍ ആര്‍ത്തിയും ആര്‍ത്തിപ്പണ്ടാരവുമായി ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല. ഡല്‍ഹിയില്‍ പോലും പോയില്ലല്ലോ എന്നും കെ സുധാകരന്‍ പറഞ്ഞു. 

ചര്‍ച്ചകള്‍ക്കായി തനിക്കും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ പോകാന്‍ പറ്റിയില്ല. കെപിസിസി പ്രസിഡന്റ് പദവിക്കായി നോക്കിയിരിക്കുന്ന ആളാണ് താനെന്ന സങ്കല്‍പ്പം ചാനലുകള്‍ നടത്തരുതെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി നടത്തുന്ന ഏത് സ്ഥാനവും ആത്മാഭിമാനത്തോടെ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കും. 

ഇപ്പോള്‍ തന്നിരിക്കുന്നത് പത്തംഗ സമിതിയിലെ അംഗത്വമാണ്. അത് ഏറ്റെടുത്ത് സമിതിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തുടനീളം പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ മല്‍സരിക്കുമോ എന്നത് സാങ്കല്‍പ്പിക ചോദ്യമാണ്. അതില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല. മുല്ലപ്പള്ളി മല്‍സരിക്കുമെങ്കില്‍ അപ്പോള്‍ ആലോചിക്കാം. മുല്ലപ്പള്ളി ഗ്രൂപ്പുണ്ടാക്കും എന്നു നിങ്ങള്‍ കരുതുന്നു എങ്കില്‍ നിങ്ങള്‍ക്ക് മുല്ലപ്പള്ളിയെ അറിയില്ല എന്നാണ് അര്‍ത്ഥം. 

മുല്ലപ്പള്ളി രാമചന്ദ്രൻ മല്‍സരിക്കുന്നതില്‍ ആര്‍ക്കാണ് വിഷമമെന്ന് കെ സുധാകരന്‍ ചോദിച്ചു. മുല്ലപ്പള്ളി മല്‍സരിക്കുന്നു എങ്കില്‍ കെപിസിസി പ്രസിഡന്റ് പദവിയില്‍ ഒഴിവുണ്ടാകുമ്പോള്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനമെടുക്കും. 

മുഖ്യമന്ത്രി പദവിയെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തി അതില്‍ തീരുമാനമെടുക്കും. എന്തായാലും അഭിപ്രായ വ്യത്യാസമില്ലാതെയാകും ഈ തെരഞ്ഞെടുപ്പും അതിനു ശേഷമുണ്ടാകുന്ന തീരുമാനവും കോണ്‍ഗ്രസ് കൈക്കൊള്ളുകയെന്നും കെ സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com