മന്ത്രി വാഹനങ്ങളിലെ കർട്ടനുകളും കൂളിങ് പേപ്പറും നീക്കണം; ടൂറിസം വകുപ്പിന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ കത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2021 07:49 AM  |  

Last Updated: 19th January 2021 07:49 AM  |   A+A-   |  

remove curtains and cooling paper on vehicles

പ്രതീകാത്മക ചിത്രം/ ഫയൽ

 

തിരുവനന്തപുരം: മന്ത്രിമാരും മറ്റ് വിഐപികളും ഉപയോ​ഗിക്കുന്ന വാഹനങ്ങളിലെ കൂളിങ് പേപ്പറും കർട്ടനുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ കത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് കമ്മീഷണർ ടൂറിസം വകുപ്പിനാണ് കത്ത് നൽകിയത്.

മന്ത്രിമാരും വിഐപികളും ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം ടൂറിസം വകുപ്പിന്റെതാണ്. വാഹന ഉടമ എന്ന നിലയിൽ വാഹനങ്ങളിലെ നിയമവിരുദ്ധ ക്രമീകരണങ്ങൾ ഒഴിവാക്കേണ്ട ബാധ്യത ടൂറിസം വകുപ്പിനുണ്ട്. മന്ത്രി വാഹനമാണെങ്കിലും പിഴ അടയ്ക്കേണ്ടി വരിക ടൂറിസം വകുപ്പാണ്. ഇക്കാര്യം വ്യക്തമാക്കിയാണ് കത്ത്. 

സർക്കാർ വാഹനങ്ങളിലെ കൂളിങ് പേപ്പറും കർട്ടനുകളും നീക്കം ചെയ്യാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഓപ്പറേഷൻ സ്‌ക്രീൻ എന്ന പേരിൽ പ്രത്യേക പരിശോധന നടത്താൻ നിർദേശിച്ചത്.

തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിന് എത്തിയ മന്ത്രിമാരുടെയും എൽഎൽഎമാരുടെയും വാഹനങ്ങളിൽ കൂളിങ് പേപ്പറും കർട്ടനുകളും ഉണ്ടായിരുന്നു. ഇത് ജനപ്രതിനിധികളും മന്ത്രിമാരും നിയമം ലംഘിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കി. വകുപ്പ് സെക്രട്ടറിമാരും കലക്ടർമാരും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലും കർട്ടനുകളുണ്ട്.

പൊലീസ് വാഹനങ്ങളിലെ കർട്ടൻ നീക്കം ചെയ്യാൻ പൊലീസ് മേധാവി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ചില്ലുകളിലെ കാഴ്ച മറയ്ക്കാൻ പാടില്ല. സ്റ്റിക്കർ, കർട്ടൻ എന്നിവ നിയമവിരുദ്ധമാണ്. 2012-ൽ സുപ്രീം കോടതിയാണ് സ്റ്റിക്കർ ഉപയോഗം നിരോധിച്ചത്. 2019-ൽ കേരള ഹൈക്കോടതി കർട്ടൻ ഉപയോഗവും തടഞ്ഞു.