മത്സരത്തിന് മുല്ലപ്പള്ളിയും; കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയായേക്കും

മത്സരിക്കുന്നതിനുള്ള താത്പര്യം ഇന്നലെ ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ മുല്ലപ്പള്ളി മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്
മുല്ലപ്പള്ളി രാമചന്ദ്രന്‍/ഫയല്‍
മുല്ലപ്പള്ളി രാമചന്ദ്രന്‍/ഫയല്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. മത്സരിക്കുന്നതിനുള്ള താത്പര്യം ഇന്നലെ ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ മുല്ലപ്പള്ളി മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. കെപിസിസി അധ്യക്ഷപദവിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ മുല്ലപ്പള്ളിക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.

കോഴിക്കോട്, വയനാട് ജില്ലകളിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തില്‍നിന്നു മത്സരിക്കാനാണ് മുല്ലപ്പള്ളി ഒരുങ്ങുന്നത്. കല്‍പ്പറ്റയാണ് പ്രസിഡന്റിന്റെ മനസ്സിലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. മത്സരിക്കുന്നതു സംബന്ധിച്ച് മുല്ലപ്പള്ളി പക്ഷേ പരസ്യമായി പ്രതികരിച്ചിട്ടില്ല.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കു രൂപം നല്‍കാന്‍ ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതിക്ക് ഇന്നലെ ഹൈക്കമാന്‍ഡ് രൂപം നല്‍കിയിരുന്നു. ആദ്യമായാണ് ഇത്തരമൊരു സമിതി രൂപീകരിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കു പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സമിതിയില്‍ ഉണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ഇന്നെലയുണ്ടായ തീരുമാനം. ഭരണം ലഭിച്ച ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് മുതിര്‍ന്ന നേതാവ് എകെ ആന്റണി അറിയിച്ചത്. 

സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, ശശി തരൂര്‍ എംപി , കെപിസിസി മുന്‍ പ്രസിഡന്റുമാരായ വിഎം സുധീരന്‍, കെ മുരളീധരന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. പ്രചാരണം, സ്ഥാനാര്‍ഥി നിര്‍ണം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചുമതല സമിതിക്കായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com