ജലാശയങ്ങള്‍ക്കു മുകളില്‍ സോളാര്‍ പാനലുകള്‍; സാധ്യതാ പരിശോധന തുടങ്ങി

ജലാശയങ്ങള്‍ക്കു മുകളില്‍ സോളാര്‍ പാനലുകള്‍; സാധ്യതാ പരിശോധന തുടങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തിലെ ജലസേചന പദ്ധതി പ്രദേശങ്ങളില്‍ കൂടുതല്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ വേഗത്തിലാക്കി. ജലാശയങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതാ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. 

ഇടമലയാര്‍ ജലസേചന പദ്ധതി പ്രദേശത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സാധിക്കുന്ന 401273.95 ചതുരശ്രമീറ്ററും പെരിയാര്‍ വാലി പദ്ധതിയില്‍ പെരുമ്പാവൂരിന് കീഴില്‍ 627236 ച.മീറ്ററും പിവിഐപി ഡിവിഷന്റെ കീഴില്‍ 3316.71 ച. മീറ്ററും ചാലക്കുടി റിവര്‍ ഡൈവര്‍ഷന്‍ സ്‌കീമില്‍ 34140 ചതുരശ്ര മീറ്ററും കണ്ടെത്തിയിട്ടുണ്ട്. മലങ്കര ഡാമിന്റെ റിസര്‍വോയര്‍ പ്രദേശത്തും മൂവാറ്റുപുഴ പദ്ധതിയുടെ പ്രധാന കനാലിന്റേയും കൈവഴിയുടെയും മുകളില്‍ 80 കിലോമീറ്റര്‍ ദൂരത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
  
സംസ്ഥാന ജല അതോറിട്ടി തിരുവനന്തപുരം ജില്ലയിലെ ആറ്റുകാല്‍, തിരുമല ജലസംഭരണികള്‍ക്ക് മുകളില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ പ്ലാന്റുകള്‍ 2020 ഒക്ടോബര്‍ അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 2.12 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഓരോ പ്ലാന്റുകളുടേയും ശേഷി 100 കിലോവാട്ട് വീതമാണ്. ബാറ്ററി ഉപയോഗിക്കാതെ ശൃംഖലാബന്ധിതമായ സംവിധാനമാണ് ഈ നിലയങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അതിനാല്‍ ലഭ്യമാകുന്ന ഊര്‍ജ്ജം പരമാവധി ഉപയോഗ പ്രദമാക്കാനും അറ്റകുറ്റപണികളുടെ ചെലവില്‍ കുറവ് വരുത്താനും കഴിയും.

സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലേക്ക് അടുക്കാന്‍ ചിലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങളായ ജലവൈദ്യുത പദ്ധതികളും സൗരോര്‍ജ്ജ പദ്ധതികളും കൂടുതലായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍. അതിനായാണ് ജല അതോറിട്ടിയും ജലസേചന വകുപ്പും സൗരോര്‍ജ്ജ ഉത്പാദന രംഗത്തേക്ക് കടന്നത്. ഇരു വകുപ്പുകളുടെയും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ സോളാര്‍ പാനലുകള്‍ വിന്യസിക്കുന്നതാണ് പദ്ധതി. വകുപ്പുകളുടെ കീഴിലുള്ള കെട്ടിടങ്ങളുടെ പുരപ്പുറത്തും ഡാമുകളുടെ വൃഷ്ടി പ്രദേശത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. 1000 മെഗാവാട്ട് സൗരോര്‍ജമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com