മാല പൊട്ടിച്ച് കടന്നു; പൊലീസ് പിന്തുടർന്നത് 40 കിലോമീറ്ററോളം ദൂരം; തിരയാൻ അഗ്നിരക്ഷാസേനയും; ഒടുവിൽ സംഭവിച്ചത്

മാല പൊട്ടിച്ച് കടന്നു; പൊലീസ് പിന്തുടർന്നത് 40 കിലോമീറ്ററോളം ദൂരം; തിരയാൻ അഗ്നിരക്ഷാസേനയും; ഒടുവിൽ സംഭവിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: പത്തനംതിട്ടയിൽ നിന്നു സ്ത്രീയുടെ മാല കവർന്നു കടന്നുകളഞ്ഞ രണ്ട് പേരെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പൊലീസ് ഇരുവരേയും പിടികൂടിയത്. കൊല്ലം ചടയമംഗലത്തെ ക്വാറിക്കു സമീപത്തെ കാട്ടിൽ ഒളിച്ച ഇവർക്കു വേണ്ടി അഗ്നിരക്ഷാസേന ഉൾപ്പെടെ തിരച്ചിലിനായി രം​ഗത്തിറങ്ങി.

എന്നാൽ എല്ലാവരുടെയും കണ്ണുവെട്ടിച്ച് കെഎസ്ആർടിസി ബസിൽ പ്രതികൾ രക്ഷപ്പെട്ടു. ഒടുവിൽ ആയൂരിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പൊലീസ് ഓടിച്ചിട്ടു പിടികൂടുക​യായിരുന്നു.

പല യൂണിറ്റുകളിൽനിന്നായി പൊലീസ് 40 കിലോമീറ്ററോളം പിന്തുടർന്ന ശേഷമാണ് ഇരുവരും പിടിയിലായത്. ആലങ്കോട് സ്വദേശി കാശിനാഥ്, കടയ്ക്കാവൂർ സ്വദേശി അജിത്ത് എന്നിവരെയാണ് ഇന്നലെ രാത്രിയോടെ പിടികൂടിയത്. പത്തനംതിട്ട കൂടലിൽ നിന്നു സ്ത്രീയുടെ മാല പൊട്ടിച്ചു രണ്ട് പേർ ബൈക്കിൽ രക്ഷപ്പെട്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് വാഹന പരിശോധന കർശനമാക്കിയിരുന്നു. പ്രതികളുടെ വേഷത്തെക്കുറിച്ചും സൂചന ലഭിച്ചിരുന്നു. ആയൂർ ഭാഗത്തു ബൈക്ക് ശ്രദ്ധയിൽപെട്ട ഹൈവേ പൊലീസ് ഇവരെ പിന്തുടർന്നു. ചടയമംഗലം പൊലീസിലും വിവരമറിയിച്ചു.

തുടർന്ന് ചടയമംഗലം എസ്ഐയുടെ നേതൃത്വത്തിൽ എംസി റോഡിൽ ജീപ്പ് റോഡിനു കുറുകെ നിർത്തി ബൈക്ക് തടയാൻ ശ്രമിച്ചു. എന്നാൽ പ്രതികൾ സമീപത്തെ പഴയ എംസി റോഡ് വഴി രക്ഷപ്പെട്ടു. നെട്ടേത്തറ ഭാഗത്തെ ക്വാറിക്കു സമീപത്തേക്കു ബൈക്ക് ഓടിച്ചു പോയ ഇവർക്കു പിന്നാലെ പൊലീസും പാഞ്ഞു. തുടർന്നു ബൈക്ക് ഉപേക്ഷിച്ചു കടന്ന പ്രതികൾ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണെന്ന അഭ്യൂഹത്തെ തുടർന്ന് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. അഞ്ചൽ, കടയ്ക്കൽ സ്റ്റേഷനുകളിൽ നിന്നു പൊലീസ് എത്തി.

തുടർന്ന് പൊലീസും നാട്ടുകാരും ക്വാറിക്കു സമീപത്തെ കാടുമൂടിയ ഭാഗങ്ങളിലും മറ്റും പരിശോധന നടത്തി. രാത്രിയിൽ ഇവർ പുറത്തു വരുമെന്ന കണക്കുകൂട്ടലിൽ, പരിചയമില്ലാത്തവരെ കണ്ടാൽ വിവരം അറിയിക്കണമെന്ന നിർദേശം പൊലീസ് പ്രദേശവാസികൾക്കു നൽകി.

പിന്നീട്, രാത്രിയോടെ രണ്ട് പേർ കെഎസ്ആർടിസി ബസിൽ കയറിപ്പോയെന്ന വിവരം പൊലീസിനു ലഭിച്ചു. ബസ് തിരിച്ചറിഞ്ഞ പൊലീസും നാട്ടുകാരും ബസിനെ പിന്തുടർന്ന് ആയൂരിലെത്തി. പൊലീസ് പിന്തുടരുന്നുണ്ടെന്നു മനസിലായതോടെ ബസിൽ നിന്നു ചാടി പ്രതികൾ ഓടി. ടൗണിലൂടെ ഓടിയ ഇവരെ പൊലീസും നാട്ടുകാരും ചേർന്നു സാഹസികമായി കീഴ്പെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com