വികസനം ഒരിഞ്ചുപോലും മുന്നോട്ടുപോകില്ല ; കേരളത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു ; വിമാനത്താവളം അദാനിക്ക് നല്‍കിയതിനെതിരെ മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2021 10:08 AM  |  

Last Updated: 20th January 2021 10:08 AM  |   A+A-   |  

cm pinarayi vijayan

പിണറായി വിജയന്‍ നിയമസഭയില്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവള നടത്തിപ്പില്‍ പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് ഈ മേഖലയില്‍ കുത്തകാവകാശം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. അദാനിക്ക് കൈമാറിയാല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം ഒരിഞ്ചുപോലും മുന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സുപ്രീംകോടതിയിലെ ഹര്‍ജി പോലും പരിഗണിക്കാതെയാണ് കേന്ദ്രത്തിന്റെ നടപടി. കൈമാറ്റം വികസനത്തിനല്ല. കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു. നിയമ നടപടികള്‍ക്കായി സര്‍ക്കാര്‍ ചുമതലപ്പെട്ടത്തിയ അഭിഭാഷക സംവിധാനം ഫല പ്രദമാണ്. അവര്‍ ദുഃസ്വാധീനത്തിന് വഴങ്ങുന്നവരല്ല. വിമാനത്താവള സ്വകാര്യവല്‍ക്കരണം തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 

അതിനിടെ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരായ ഹര്‍ജികള്‍ തിങ്കളാഴ്ച തന്നെ പരിഗണിക്കണമെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഹര്‍ജി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. വിമാനത്താവള നടത്തിപ്പ് കരാര്‍ ഒപ്പുവച്ചെന്ന എയര്‍ പോര്‍ട്ട് അതോറ്റിയുടെ അറിയിപ്പിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി ഒക്ടോബര്‍ 19 ന് തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് നവംബറിലാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് പുറമെ എയര്‍പോര്‍ട്ട് ജീവനക്കാരുടെ സംഘടനയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.