കെ സുധാകരന്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക് ?; കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2021 12:16 PM  |  

Last Updated: 20th January 2021 12:16 PM  |   A+A-   |  

K Sudhakaran

കെ സുധാകരന്‍/ഫയല്‍

 

ന്യൂഡല്‍ഹി/തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിക്കുമെന്ന് സൂചന. നിലവിലെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു താത്പര്യം അറിയിച്ച സാഹചര്യത്തിലാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനു കളമൊരുങ്ങുന്നത്.

കണ്ണൂരില്‍നിന്നുള്ള ലോക്‌സഭാംഗം കൂടിയായ സുധാകരന്‍ നിലവില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ആണ്. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങുന്ന ഘട്ടത്തില്‍ സുധാകരനെ അധ്യക്ഷ പദവിയില്‍ നിയോഗിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനായുള്ള അന്തിമ ചര്‍ച്ചയ്ക്ക് സുധാകരനെ ഉടന്‍ ഡല്‍ഹിക്കു വിളിപ്പിക്കും. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള താത്പര്യം കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ മുല്ലപ്പള്ളി മുന്നോട്ടുവച്ചിരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തില്‍നിന്നു മത്സരിക്കാനാണ് മുല്ലപ്പള്ളി ഒരുങ്ങുന്നത്. കല്‍പ്പറ്റയാണ് മുല്ലപ്പള്ളിയുടെ മനസ്സിലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. അല്ലാത്തപക്ഷം കൊയിലാണ്ടി തെരഞ്ഞെടുത്തേക്കും. പാര്‍ട്ടി പറയുന്നതിന് അനുസരിച്ചു പ്രവര്‍ത്തിക്കുമെന്നാണ് മത്സരിക്കുന്നതു സംബന്ധിച്ച ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് മുല്ലപ്പള്ളി പറഞ്ഞത്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കു രൂപം നല്‍കാന്‍ ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതിക്ക് ഹൈക്കമാന്‍ഡ് രൂപം നല്‍കിയിരുന്നു. ആദ്യമായാണ് ഇത്തരമൊരു സമിതി രൂപീകരിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കു പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സമിതിയില്‍ ഉണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ഇന്നെലയുണ്ടായ തീരുമാനം. ഭരണം ലഭിച്ച ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് മുതിര്‍ന്ന നേതാവ് എകെ ആന്റണി അറിയിച്ചത്.