കെ വി തോമസ് ഇടതുപക്ഷത്തേക്ക് ?; 23 ന് നിര്‍ണായക വാര്‍ത്താസമ്മേളനം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് തഴഞ്ഞതോടെയാണ് കെ വി തോമസ് കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നത്
കെ വി തോമസ് / ഫയല്‍ ചിത്രം
കെ വി തോമസ് / ഫയല്‍ ചിത്രം

കൊച്ചി : കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എം പി കെ വി തോമസ് ഇടതുപക്ഷത്തേക്കെന്ന് സൂചന. ഈ മാസം 23 ന് ( ശനിയാഴ്ച ) കൊച്ചിയില്‍ മാധ്യമങ്ങളെ കാണുമെന്ന് കെ വി തോമസ് അറിയിച്ചു. അന്ന് തനിക്ക് പറയാനുള്ളതെല്ലാം തുറന്നു പറയുമെന്നും കെ വി തോമസ് വ്യക്തമാക്കി. 

ഇടതുപക്ഷത്തേക്കാണോ എന്ന ചോദ്യത്തിന് വരട്ടെ പറയാം എന്നായിരുന്നു തോമസിന്റെ മറുപടി. ശനിയാഴ്ച കൊച്ചിയിലെ ബിടിഎച്ചില്‍ വെച്ചാണ് കെ വി തോമസ് മാധ്യമപ്രവര്‍ത്തകരെ കാണുക. നേരത്തെ  28 ന് മാധ്യമങ്ങളെ കാണാമെന്നായിരുന്നു തോമസ് അറിയിച്ചിരുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് തഴഞ്ഞതോടെയാണ് കെ വി തോമസ് കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നത്. ഇതേത്തുടര്‍ന്ന് ഇടഞ്ഞുനിന്ന കെ വി തോമസിന് അരൂര്‍  ഉപതെരഞ്ഞെടുപ്പില്‍ ചുമതല നല്‍കിയിരുന്നു. ഇതിന് ശേഷം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം ആ പദവി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.

നിയമസഭ തെരഞ്ഞെടുപ്പിലും സീറ്റ് ലഭിച്ചേക്കില്ല എന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ഇതിനിടെ കെ വി തോമസ് ഇടതു നേതാക്കളുമായി ചര്‍ച്ച നടത്തിയതായും വാര്‍ത്തകള്‍ പുറത്തു വന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഒരു പദവിയും തല്‍ക്കാലം കെ വി തോമസിന് നല്‍കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചെയര്‍മാനായി കെ വി തോമസിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com