ശമ്പള പരിഷ്‌കരണം നടപ്പാക്കി ഉടന്‍ ഉത്തരവിടും, അധ്യാപകര്‍ക്ക് പുതിയ ശമ്പളം അടുത്ത മാസം മുതല്‍; തോമസ് ഐസക് സഭയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2021 05:26 PM  |  

Last Updated: 20th January 2021 05:26 PM  |   A+A-   |  

BUDGET

തോമസ് ഐസക്/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കേ, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കി ഉടന്‍ ഉത്തരവിടുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക്  മറുപടി പറയുകയായിരുന്നു ധനമന്ത്രി.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏപ്രിലില്‍ വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിനിടെ, തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. ഏപ്രിലില്‍ പരിഷ്‌കരിച്ച ശമ്പളം സംബന്ധിച്ച് ഉത്തരവിറക്കും. കുടിശിക മൂന്ന് ഗഡുക്കളായി നല്‍കും. രണ്ടു ഡിഎ  കുടിശിക പിഎഫില്‍ ലയിപ്പിക്കും എന്നതായിരുന്നു ബജറ്റ് പ്രഖ്യാപനം. എന്നാല്‍ ശമ്പളപരിഷ്‌കരണം സംബന്ധിച്ച് വ്യക്തത കുറവുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികളും പ്രതിപക്ഷ സര്‍വീസ് സംഘടനകളും ആക്ഷേപം ഉന്നയിച്ചിരുന്നു. ഏപ്രിലില്‍ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഉത്തരവിറക്കുന്നതിന് മുന്‍പ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും. അങ്ങനെ സംഭവിച്ചാല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം അടുത്ത സര്‍ക്കാരിനാകും. ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതില്‍ നിന്ന് ഈ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ് എന്ന് പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യം വി ഡി സതീശന്‍ സഭയില്‍ ഉന്നയിക്കുകയും ചെയ്തു. ഇതിന് മറുപടി നല്‍കുകയായിരുന്നു തോമസ് ഐസക്.

ശമ്പള പരിഷ്‌കരണം സംബന്ധിച്ച ആശയക്കുഴപ്പമാണ് മന്ത്രി പരിഹരിച്ചത്. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഏപ്രിലില്‍ ഉത്തരവിറക്കും എന്ന് താന്‍ പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കി ഉടന്‍ ഉത്തരവിടും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പ് ഇത് നടപ്പാക്കും. യുജിസി അധ്യാപകര്‍ക്ക് പുതിയ ശമ്പളം ഫ്രെബുവരിയില്‍ ലഭിക്കും. കുടിശിക പിഎഫില്‍ ലയിപ്പിച്ച് ഉത്തരവിറക്കുമെന്നും തോമസ് ഐസക് സഭയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഏപ്രിലില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഫെബ്രുവരിയില്‍ തന്നെ തെരഞ്ഞെടുപ്പ് പഖ്യാപനം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ശമ്പള പരിഷ്‌കരണം നടപ്പാക്കി ഉടന്‍ ഉത്തരവിറക്കുമെന്ന് മന്ത്രി പറഞ്ഞത്. കാന്‍സര്‍, എയ്ഡ്‌സ് രോഗികളുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കും. അംഗന്‍വാടി ടീച്ചര്‍മാരുടെ പെന്‍ഷന്‍ 500 രൂപ കൂട്ടി 2500 രൂപയാക്കും. പ്രീപ്രൈമറി ജീവനക്കാര്‍ക്ക് ആയിരം രൂപ പ്രത്യേക സഹായം നല്‍കും. പ്രാദേശിക പത്രപ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തും. ഇ ബാലാനന്ദന്‍ പഠനകേന്ദ്രത്തിന് 50 ലക്ഷം രൂപ അനുവദിക്കും. തൃശൂര്‍ പുലിക്കളിക്ക് ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.