സ്പ്രിന്‍ക്ലര്‍ കരാര്‍ മുഖ്യമന്ത്രി അറിയാതെ, എല്ലാം തീരുമാനിച്ചത് ശിവശങ്കര്‍ ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2021 08:11 AM  |  

Last Updated: 20th January 2021 08:11 AM  |   A+A-   |  

shivasanker and pinarayi vijayan

ശിവശങ്കര്‍, പിണറായി വിജയന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം : കോവിഡ് വിവര വിശകലനത്തിനു സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസോ അറിയാതെയെന്ന് റിപ്പോര്‍ട്ട്. എല്ലാം തീരുമാനിച്ചത് ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ്. മാധവന്‍ നമ്പ്യാര്‍ അധ്യക്ഷനായ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടില്‍ ശിവശങ്കറിന് രൂക്ഷവിമര്‍ശനമാണുള്ളത്. 

മതിയായ ചര്‍ച്ചകള്‍ കൂടാതെ കരാറുകളിലെത്തുക വഴി ജനങ്ങളുടെ വിവരങ്ങളുടെ മേല്‍ സ്പ്രിന്‍ക്ലറിന് സമ്പൂര്‍ണ അവകാശം നല്‍കുന്ന സ്ഥിതിയുണ്ടായെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട് പറയുന്നു. കരാര്‍ നടപ്പാക്കിയവര്‍ക്കു സാങ്കേതിക - നിയമ വൈദഗ്ധ്യം വേണ്ടത്രയില്ല. കരാര്‍ വ്യവസ്ഥകള്‍ ദുരുപയോഗ സാധ്യതയുള്ളത്.

യുഎസിലെ കോടതിയുടെ പരിധിയിലായതിനാല്‍ സ്പ്രിന്‍ക്ലറിനെതിരെ നടപടി ദുഷ്‌കരമാണ്. പ്ലാറ്റ്‌ഫോമിന്റെ ശേഷിയും സുരക്ഷയും പരിശോധിച്ചില്ല എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുന്‍ വ്യോമയാന സെക്രട്ടറി എം മാധവന്‍ നമ്പ്യാര്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. ഗുല്‍ഷന്‍ റായ് എന്നിവരടങ്ങിയ സമിതിയെയാണ് സ്പ്രിന്‍ക്ലര്‍ കരാറുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്. 

കോവിഡ് പ്രതിരോധ കാര്യങ്ങള്‍ ആരോഗ്യ വകുപ്പിനു കീഴിലാണെന്നും ഐടി വകുപ്പ് സഹായി മാത്രമായിരിക്കണമെന്നും ഫയലില്‍ എഴുതിയിരുന്നെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ സമിതിയെ അറിയിച്ചു. സ്പ്രിന്‍ക്ലര്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും ഖോബ്രഗഡെ കമ്മീഷനോട് വെളിപ്പെടുത്തി.