ഇത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉള്ള രോഗം, ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും; 'കിഫ്ബി'യില്‍ ഐസക്കിന്റെ മറുപടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2021 02:46 PM  |  

Last Updated: 20th January 2021 02:50 PM  |   A+A-   |  

KIFBY

തോമസ് ഐസക്ക് / ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  ലൈഫ് മിഷന്‍ പോലെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉള്ള രോഗമാണ് പ്രതിപക്ഷം കിഫ്ബി വേണ്ട എന്ന് പറയുന്നതിന് പിന്നിലെന്ന് ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കിഫ്ബിയില്‍ നിന്ന് പ്രതിപക്ഷം വഴിപ്പിരിഞ്ഞിരിക്കുകയാണ്. ലൈഫ് മിഷന്‍ പോലെ കിഫ്ബിക്കെതിരെയും സംസാരിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. തങ്ങളുടെ ഇഗിതം നടപ്പാക്കാന്‍ ഭരണഘടന സ്ഥാപനങ്ങളെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിന്റെ വ്യക്തമായ തെളിവാണ് സിഎജി റിപ്പോര്‍ട്ടെന്നും തോമസ് ഐസക് വിമര്‍ശിച്ചു. കിഫ്ബി ഒരു ബിസിനസ് മോഡലാണെന്നും കിഫ്ബി വഴി എടുക്കുന്ന വായ്പ ഓഫ് ബജറ്റ് വായ്പ അല്ലെന്നും അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ മന്ത്രി തോമസ് ഐസക് പറഞ്ഞു. മറുപടിയില്‍ അതൃപ്തി അറിയിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രമേയം തള്ളിയതായി സ്പീക്കര്‍ സഭയെ അറിയിച്ചു.

ഐസക്കും വി ഡി സതീശന്‍ എംഎല്‍എയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് സഭ സാക്ഷിയായത്. കിഫ്ബിക്കെതിരായ പ്രതിപക്ഷ നീക്കം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും. സ്റ്റേറ്റിന്റെ നിര്‍വചനത്തില്‍ കിഫ്ബി വരില്ലെന്നും അദ്ദേഹം പറഞ്ഞു. വായ്പ പരിധി ലംഘിച്ച് കിഫ്ബി ഉപയോഗിച്ച് വായ്പ എടുക്കുന്നു എന്നതാണ് സിഎജിയുടെ വിമര്‍ശനം. എന്നാല്‍ കേന്ദ്രസര്‍ക്കാരും ഓഫ് ബജറ്റ് വായ്പ എടുക്കുന്നുണ്ട്. 2020-21 സാമ്പത്തികവര്‍ഷം 1,80,000 കോടി ഓഫ് ബജറ്റ് വായ്പയായി എടുക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് രേഖയില്‍ പറയുന്നത്. എന്നാല്‍ കിഫ്ബി വായ്പ ഓഫ് ബജറ്റ് വായ്പ അല്ല. ഇത് ബോഡി കോര്‍പ്പറേറ്റാണെന്ന് ധനമന്ത്രി പറഞ്ഞു.

കിഫ്ബി വായ്പ നേരിട്ടുള്ള ബാധ്യതയാണെന്നാണ് സിഎജിയുടെ വിമര്‍ശനം. നിലവില്‍ നേരിട്ടുള്ള ബാധ്യത ആണോ കണ്ടിജെന്റ് ബാധ്യത ആണോ എന്നതാണ് തര്‍ക്കവിഷയം.എന്നാല്‍ ഇത് കണ്ടിജെന്റ് ബാധ്യതയാണ്. വായ്പ തിരിച്ചടവില്‍ മുടക്കം വരുത്തിയാല്‍ മാത്രമേ സര്‍ക്കാരിന് ബാധ്യതയുള്ളൂ. കിഫ്ബിക്ക് പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കാരണം സര്‍ക്കാരാണ് ഗ്യാരണ്ടിയായി നില്‍ക്കുന്നത്. സര്‍ക്കാരിന് ഗ്യാരണ്ടി കൊടുക്കാമെന്ന് കിഫ്ബി നിയമത്തില്‍ പറയുന്നുണ്ട്. പ്രതിപക്ഷത്തിന്റെ കാലത്തുള്ള ആന്യൂറ്റി പ്രോഗ്രാമുകള്‍ നേരിട്ടുള്ള ബാധ്യതയാണെന്നും ഐസക് ചൂണ്ടിക്കാട്ടി. കിഫ്ബിയും അത്തരത്തില്‍ ഒരു ആന്യൂറ്റി സകീം ആണ്. കിഫ്ബിക്ക് മറ്റു വഴികളില്‍ നിന്ന് വരുമാനം ഇല്ല എന്നതാണ് സിഎജിയുടെ വിമര്‍ശനം. മോട്ടോര്‍ വാഹന നികുതി, ഇന്ധന നികുതി എന്നിങ്ങനെ പിരിച്ചെടുക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് കിഫ്ബിക്ക് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വായ്പ എടുക്കുന്നത്. ഇത് കൂടാതെ മറ്റുവഴികളില്‍ നിന്നും വരുമാനം ലഭിക്കുന്ന തരത്തിലുള്ള ബിസിനസ് മോഡലാണ് കിഫ്ബിയെന്നും തോമസ് ഐസക് പറഞ്ഞു. പെട്രോള്‍ കെമിക്കല്‍ പാര്‍ക്കിന്റെ വികസനവുമായി ബന്ധപ്പെട്ട് 400 കോടി രൂപ തിരിച്ചു കിട്ടിയ കാര്യം തോമസ് ഐസക് ഓര്‍മ്മിപ്പിച്ചു.

തോമസ് ഐസക്കിന്റെ മറുപടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതൃപ്തി അറിയിച്ചു. ഭരണഘടന സ്ഥാപനത്തെ ഇകഴ്ത്തി പറയാന്‍ ശ്രമിച്ച തോമസ് ഐസക് ധനമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രമേയം തള്ളിയതായി സ്പീക്കര്‍ സഭയെ അറിയിച്ചു.